വരൾച്ചബാധിത മേഖലയായി 265 താലൂക്കുകൾ

മുംബൈ : കാലവർഷക്കുറവും കഠിന വേനലിനും ഇടയിൽ മഹാരാഷ്ട്ര സർക്കാർ 265 താലൂക്കുകളെ വരൾച്ചബാധിത മേഖലയായി പ്രഖ്യാപിച്ചു. സർക്കാർ ഉത്തരവനുസരിച്ച് സംസ്ഥാനത്തിന്റെ 74 ശതമാനവും വരൾച്ചയുടെ പിടിയിലാണ്. ഈ താലൂക്കുകൾ ഭൂരിഭാഗവും സോളാപുർ, അഹല്യനഗർ, നാസിക്, ലാത്തൂർ, ബീഡ്, ബുൽധാന, അമരാവതി, യവത്മാൽ, നാഗ്പുർ, ചന്ദ്രപുർ എന്നിവിടങ്ങളിലാണ്.
25 ശതമാനത്തിലധികം മഴക്കുറവും 21 ദിവസത്തെ നീണ്ട വരണ്ട കാലാവസ്ഥയും ചേർന്ന് സജീവമായ സംസ്ഥാനത്തിന്റെ വരൾച്ചയുടെ ആദ്യഘട്ടമാണ് ട്രിഗർ വൺ.
ഇക്കാര്യം മുൻനിർത്തിയാണ് സർക്കാർ വരൾച്ചബാധിത മേഖലയായി പ്രഖ്യാപിച്ചത്. ഇപ്പോൾ വരൾച്ച പ്രഖ്യാപിച്ചതിനാൽ, സമ്പൂർണ വരൾച്ചദുരിതാശ്വാസ പാക്കേജിന് കീഴിൽ എല്ലാകർഷകർക്കും സഹായം ലഭിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ശിവസേന യു.ബി.ടി. നേതാവ് ആദിത്യ താക്കറെ വ്യക്തമാക്കി. അതേസമയം, വരൾച്ച ബാധിച്ച കർഷകർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന് കിസാൻസഭ ആവശ്യപ്പെട്ടു.
വരൾച്ചാദുരിതാശ്വാസത്തിന് മുൻഗണന നൽകണമെന്ന് ആദിത്യ താക്കറെ
ലാത്തൂർ : മഹാരാഷ്ട്രയിലെ 265 താലൂക്കുകളിൽ വരൾച്ച പ്രഖ്യാപിച്ച സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ ദുരിതാശ്വാസ നടപടികൾ നടപ്പാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും ദുരിതബാധിതരായ എല്ലാ കർഷകർക്കും സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ശിവസേന (യു.ബി.ടി.) നേതാവ് ആദിത്യ താക്കറെ പറഞ്ഞു. മറാഠ്‌വാഡയിലെ വരൾച്ചബാധിത പ്രദേശങ്ങളിൽ പര്യടനംനടത്തുന്ന ആദിത്യ, കുറച്ചുകാലമായി വരൾച്ച പ്രഖ്യാപിക്കണമെന്ന് തന്റെ പാർട്ടി ആവശ്യപ്പെടുന്നുണ്ടെന്നും തീരുമാനം നേരേത്ത എടുക്കേണ്ടതായിരുന്നുവെന്നും പറഞ്ഞു.