കർഷക കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് മുഖ്യമന്ത്രി

നാഗ്പുർ : മഹാരാഷ്ട്രയിലെ ലോഹരിസവംഗ ഗ്രാമത്തിൽ കർഷകനായ രംഭാവു ബാൽപാണ്ഡെയുടെ വീട്ടിലെത്തി ദീപാവലി ആഘോഷിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. കർഷകർ നേരിടുന്ന കടുത്ത വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിട്ട് മനസ്സിലാക്കുന്നതിനും അവർക്ക് ആശ്വാസമേകുന്നതിനുമാണ് താൻ ഗ്രാമത്തിലെത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രംഭാവു ബാൽപാണ്ഡെയുമായും പ്രദേശത്തെ മറ്റ് കർഷകരുമായും അദ്ദേഹം കാർഷിക വിഷയങ്ങൾ ചർച്ച ചെയ്തു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ വരൾച്ചയും വിളനാശവും കർഷകരെ രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കറ്റോളിലും നാർഖേഡിലും വൻതോതിൽ ഓറഞ്ചും മധുരനാരങ്ങയും ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ഇറക്കുമതിക്ക് ബംഗ്ലാദേശ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടുണ്ട്.
ഇതിന് പരിഹാരമായി മിഹാനിൽ ഒരു പ്രധാന സംസ്കരണ പദ്ധതി ആരംഭിക്കുകയാണെന്നും ഇത് കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ സംസ്കരിച്ച് ലാഭകരമാക്കാൻ അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, വരാനിരിക്കുന്ന റാബി വിളകൾ സംരക്ഷിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും മുഖ്യമന്ത്രി കർഷകരുമായി സംവദിച്ചു.
മുഖ്യമന്ത്രി തന്റെ വീട്ടിലെത്തി ദീപാവലി ആഘോഷിച്ചതിലും തങ്ങളോടൊപ്പം സമയം ചെലവഴിച്ചതിലും വലിയ അഭിമാനമുണ്ടെന്ന് കർഷകനായ രംഭാവു ബാൽപാണ്ഡെ പറഞ്ഞു.
തങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനും ആശ്വാസം നൽകാനുമാണ് മുഖ്യമന്ത്രി എത്തിയതെന്നും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളും വാക്കുകളും പ്രതിസന്ധിയെ മറികടക്കാനുള്ള വലിയ ധൈര്യമാണ് നൽകിയതെന്നും ബാൽപാണ്ഡെ പറഞ്ഞു.