വിദ്യാഭ്യാസം ഓരോ വിദ്യാർഥിയുടെയും അടിസ്ഥാന അവകാശം -രാഹുൽഗാന്ധി

നാസിക് : വിദ്യാഭ്യാസം ഔദാര്യമോ പ്രത്യേക പദവിയോ അല്ലെന്നും ഓരോ വിദ്യാർഥിയുടെയും അടിസ്ഥാന അവകാശമാണെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി. നാസിക് സന്ദർശനത്തിനിടെ, വിവിധ ആവശ്യങ്ങളുന്നയിച്ച് നിരാഹാരസമരം നടത്തുന്ന ആദിവാസി വിദ്യാർഥികളുടെ പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിൽനിന്നുള്ള വിദ്യാർഥികൾ വ്യവസ്ഥിതിയുടെ അവഗണന നേരിടേണ്ടിവരുന്നത് അംഗീകരിക്കാനാവില്ല. ഭരണകൂടത്തിന്റെ പൂർണ പിന്തുണയും സഹായവും അവർക്ക് ലഭ്യമാക്കണം. ഗോത്രവിഭാഗങ്ങൾക്കായുള്ള ആശ്രമം സ്കൂളുകളുടെ ശോച്യാവസ്ഥ, ഹോസ്റ്റൽസൗകര്യങ്ങൾ, ഹോസ്റ്റലുകളിലെ സുരക്ഷാപ്രശ്നങ്ങൾ, ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ പ്രക്ഷോഭം നടത്തുന്നത്. സമരംചെയ്യുന്ന വിദ്യാർഥികളുടെ പരാതികളും ആവശ്യങ്ങളും നേരിട്ട് കേട്ടറിഞ്ഞതായി രാഹുൽഗാന്ധി പറഞ്ഞു.