ദഹി ഹണ്ടി ആഘോഷത്തിൽ ആറാടി മുംബൈ

മുംബൈ : ജന്മാഷ്ടമിയോടനുബന്ധിച്ചുള്ള ദഹി ഹണ്ടി ആഘോഷത്തിമിർപ്പിലായി ശനിയാഴ്ച മുംബൈയും പരിസരപ്രദേശങ്ങളും. ലാൽബാഗ്, ദാദർ തുടങ്ങിയ നഗരമധ്യത്തിലെ ഇടുങ്ങിയ വഴികൾമുതൽ താനെയിലെ കൂറ്റൻ വേദികൾവരെ ധോൽവാദ്യങ്ങളാൽ മുഖരിതമായി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബഹുനില മനുഷ്യപിരമിഡുകൾ തീർത്ത് ആയിരക്കണക്കിനുപേർ, ഉയരത്തിൽ കെട്ടിത്തൂക്കിയ തൈരുനിറച്ച മൺകുടങ്ങൾ ഉടച്ചു.

രാഷ്ട്രീയനേതാക്കൾ സംഘടിപ്പിക്കുന്ന വൻതുകയുടെ സമ്മാനങ്ങളും താരസാന്നിധ്യവും വിനോദപരിപാടികളുമുള്ള ദഹി ഹണ്ടി ആഘോഷത്തിലാണ് ജനക്കൂട്ടം കൂടുതൽ. സംഘർഷസാധ്യതയുള്ള മേഖലകളിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു.

മനുഷ്യപിരമിഡുകളിൽനിന്ന് വീണ് പരിക്കേൽക്കുന്നത് പതിവായതിനാൽ, ആഘോഷത്തിന് മുന്നോടിയായി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി.) പ്രത്യേക ആരോഗ്യസന്നാഹങ്ങൾ ഒരുക്കിയിരുന്നു.

പരേലിലെ കെ.ഇ.എം, സയണിലെ ലോകമാന്യതിലക് മുനിസിപ്പൽ ജനറൽ ആശുപത്രി, മുംബൈ സെൻട്രലിലെ നായർ ആശുപത്രി എന്നിവയുൾപ്പെടെ 16 പ്രാന്തപ്രദേശ ആശുപത്രികളിലായി നൂറിലധികം കിടക്കകൾ ഒരുക്കിയിരുന്നു. ട്രോമ, ഓർത്തോപീഡിക്, നേത്രരോഗ വിഭാഗങ്ങളിലെ ഡോക്ടർമാരും സന്നദ്ധരായിനിന്നു. ജെ.ജെ. ആശുപത്രിയിൽ 10 ഐ.സി.യു കിടക്കകളും 30 എമർജൻസി കിടക്കകളും പ്രത്യേകം സജ്ജീകരിച്ചു. 2022-ൽ 200-ലധികം പേർക്കും, 2024-ൽ 245 പേർക്കും, 2025-ൽ 318 പേർക്കും പരിക്കേറ്റ സാഹചര്യം കണക്കിലെടുത്താണ് ഇത്തവണ കൂടുതൽ കരുതൽ സ്വീകരിച്ചത്.

ഉച്ചയോടെ 22 പേർക്ക് പരിക്കേറ്റെന്നാണ് സർക്കാർ, ബി.എം.സി. ആശുപത്രികളിൽ നിന്നുള്ള പ്രാഥമിക വിവരം. ആ സമയത്ത് ഗുരുതരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, വൈകുന്നേരത്തോടെ മുംബൈ നഗരത്തിൽമാത്രം പരിക്കേറ്റവരുടെ എണ്ണം 32 ആയി ഉയർന്നു. ഇതിൽ 28 പേരെ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തപ്പോൾ നാലുപേർ ചികിത്സയിലാണ്.

ആഘോഷത്തിനിടെ മൽവാണി മേഖലയിൽനിന്ന് ഹൃദയഭേദകമായ വാർത്തയും പുറത്തുവന്നു. മാർവെ റോഡിലെ ചിക്കുവാഡിയിൽ ഏക്ത വെൽഫെയർ സൊസൈറ്റിയിൽ നടന്ന ദഹി ഹണ്ടി ആഘോഷത്തിനിടെ ഇഷ്ടിക കൊണ്ടുള്ള തൂണ് തകർന്നുവീണ് ഏഴുവയസ്സുകാരനായ രുദ്ര കദം മരിച്ചു.

തലയ്ക്ക് ഗുരുതരപരിക്കേറ്റ കുട്ടിയെ സമീപത്തെ മൽവാണി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുണെയിൽ ആഘോഷത്തിനിടെ ഒരു സ്ത്രീ മരിച്ചു.

പിംപ്രി ചിഞ്ച്‌വാഡ് സംഗവി പ്രദേശത്തെ താമസക്കാരിയായ സൽമ സലാവുദ്ദീൻ പത്താനാണ് (45) മരിച്ചത്. ദഹി ഹണ്ടി എന്ന ഉറിയടി മത്സരത്തിനായി താത്കാലികമായി സ്ഥാപിച്ച ഇരുമ്പ് ദണ്ഡ് തലയിലേക്ക് വീഴുകയായിരുന്നു. അപകടമരണത്തിന് പോലീസ് കേസെടുത്തു.

ക്രമസമാധാനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാണ്ഡൂപ്പിൽ ദഹി ഹണ്ടി ആഘോഷത്തിന് ബി.എം.സി. അനുമതി നിഷേധിച്ചിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് സുരക്ഷാമാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സന്നദ്ധ സംഘടനകളും ആഹ്വാനംചെയ്തിരുന്നു. എങ്കിലും, അപകടസാധ്യതകൾ വകവെക്കാതെ ഓരോ വർഷവും ആയിരക്കണക്കിന് ഗോവിന്ദമാർ പിരമിഡ് മത്സരത്തിനിറങ്ങുന്ന കാഴ്ച ഇത്തവണയും മുംബൈ നഗരത്തിന്റെ തെരുവുകളിൽ ആവർത്തിച്ചു.