റോഡിലിറങ്ങുന്ന കാലികളെ പിടിച്ചെടുക്കണം - ഹൈക്കോടതി

ചെന്നൈ : തമിഴ്നാട്ടിലെ നഗരമേഖലകളിലുള്ള മുഴുവൻ കന്നുകാലികൾക്കും ലൈസൻസ് ഏർപ്പെടുത്തുകയും തിരിച്ചറിയുന്നതിന് ടാഗ് ഘടിപ്പിക്കുകയും വേണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന കാലികളെ പിടിച്ചെടുക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കോടതി നിർദേശം നൽകി.
കന്നുകാലികളെ പൊതുസ്ഥലത്ത് അലഞ്ഞുതിരിയാൻ വിടാനും റോഡു യാത്രക്കാരെ അപകടത്തിൽ ചാടിക്കാനും ആർക്കും അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരിയും ജസ്റ്റിസ് ജി. അരുൾ മുരുകനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. റോഡ് മനുഷ്യന് സുരക്ഷിതമായി സഞ്ചരിക്കാൻ വേണ്ടിയുള്ളതാണ്. കന്നുകാലികൾക്കു വേണ്ടിയല്ല. സംസ്ഥാനത്തെ എല്ലാ നഗരസഭകളും പൊതു സ്ഥലത്തുള്ള കന്നുകാലികളെ പിടിച്ചെടുക്കാൻ തീവ്രയത്നം ആരംഭിക്കണം.
ചെന്നൈയ്ക്കടുത്ത് തിരുവേർക്കാട് സ്വദേശിയായ എം. കമലേഷ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. കന്നുകാലികൾ സ്ഥിരമായി റോഡ് തടസ്സപ്പെടുത്തുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നെന്ന് കാണിച്ചാണ് കമലേഷ് കോടതിയെ സമീപിച്ചത്.