കേരളത്തിൽ തീവണ്ടികളുടെ വേഗംകൂട്ടൽ; മൂന്നു വർഷമായിട്ടും ഡി.പി.ആർ. തയ്യാറായില്ല

ചെന്നൈ : കേരളത്തിൽ തീവണ്ടികളുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ച് മൂന്നുവർഷം പിന്നിട്ടിട്ടും പദ്ധതി കടലാസിൽത്തന്നെ ഒതുങ്ങുന്നു. 2023 ജനുവരി 31-നാണ് മംഗളൂരു - തിരുവനന്തപുരം റൂട്ടിലെ വേഗ വർധന പദ്ധതി റെയിൽവേ പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി നടപ്പാക്കുന്നതിനായി വേണ്ട വിശദ പദ്ധതി രേഖ (ഡി.പി.ആർ.) പോലും ഇതുവരെ തയ്യാറായിട്ടില്ല.
നിലവിൽ വിവിധ സെക്‌ഷനുകളിൽ കൃത്യമായ സമയപരിധി നിശ്ചയിച്ചാണ് വേഗത കൂട്ടാൻ റെയിൽവേ ലക്ഷ്യമിട്ടിരുന്നത്. 306.57 കിലോമീറ്റർ ദൈർഘ്യമുള്ള മംഗളൂരു- ഷൊർണൂർ പാതയിൽ ഇപ്പോൾ 110 കിലോമീറ്ററാണ് വേഗത. ട്രാക്കുകൾ ബലപ്പെടുത്തി 2025 മാർച്ചിനുള്ളിൽ ഇത് 130 കിലോമീറ്ററാക്കി ഉയർത്തുമെന്നായിരുന്നു പ്രഖ്യാപനം. 92.75 കിലോമീറ്ററുള്ള ഷൊർണൂർ - പോത്തന്നൂർ പാതയിലും 2026 മാർച്ചിനകം വേഗത 130 കിലോമീറ്ററാക്കാൻ തീരുമാനിച്ചിരുന്നു. ഷൊർണൂർ - എറണാകുളം പാതയിൽ നിലവിലുള്ള 80 കിലോമീറ്റർ വേഗത 2025 മാർച്ചോടെ 90 ആയും 2026 മാർച്ചോടെ 130 ആയും ഉയർത്താനായിരുന്നു പദ്ധതി. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള തുറവൂർ, കായംകുളം റൂട്ടുകളിൽ ഘട്ടംഘട്ടമായി വേഗത 130 കിലോമീറ്ററിലേക്ക് എത്തിക്കുമെന്നും റെയിൽവേ അറിയിച്ചിരുന്നു.
വന്ദേഭാരത് ഉൾപ്പെടെയുള്ള അത്യാധുനിക തീവണ്ടികളുടെ പൂർണ ശേഷി പ്രയോജനപ്പെടുത്താൻ വിപുലമായ നിർമാണപ്രവർത്തനങ്ങൾ ആവശ്യമാണ്. ഇതിനായി പുതിയ പാളങ്ങൾ സ്ഥാപിക്കുക, റെയിൽവേ പാലങ്ങൾ നവീകരിക്കുക, വളവുകൾ നിവർത്തുക തുടങ്ങിയ പ്രവൃത്തികൾ നടത്തേണ്ടതുണ്ട്. ആളുകൾ ട്രാക്കിൽ കയറുന്നത് തടയാൻ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കോൺക്രീറ്റ് വേലികൾ കെട്ടുമെന്നും ഒ.എച്ച്.ഇ. വയറുകൾ നവീകരിച്ച് കൂടുതൽ വൈദ്യുതി കടത്തിവിടുമെന്നും ഓട്ടോമാറ്റിക് സിഗ്നലിങ് നടപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. വേഗത 130 കിലോമീറ്ററിലെത്തിച്ചശേഷം ഇത് 160 കിലോമീറ്റർ വരെയായി ഉയർത്താനുള്ള സാധ്യതാപഠനം നടത്തുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
എന്നാൽ ഈ പദ്ധതി നിർദേശങ്ങളെല്ലാം അനിശ്ചിതത്വത്തിലായതിനെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ ദക്ഷിണ റെയിൽവേ അധികൃതരോ കൺസ്ട്രക്‌ഷൻ വിഭാഗമോ തയ്യാറാകുന്നില്ല. ഷൊർണൂരിനും എറണാകുളത്തിനും ഇടയിലുള്ള പ്രദേശം മലയോരമേഖലയായി പരിഗണിക്കുന്നതിനാൽ ഇവിടെ വേഗത പരമാവധി 90 കിലോമീറ്റർ വരെ മാത്രമേ ഉയർത്താൻ സാധിക്കൂ എന്ന് ഓപ്പറേറ്റിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൃത്യമായ പ്ലാനിങ്ങും നിർമാണപ്രവർത്തനങ്ങളും നടക്കാത്തതിനാൽ യാത്രക്കാർക്ക് വേഗത്തിലുള്ള യാത്ര ഇപ്പോഴും വിദൂരസ്വപ്നമായി തുടരുന്നു.