വി.ഐ.ടി.യിലെ സ്റ്റാർട്ടപ്പിന് പ്രധാനമന്ത്രിയുടെ പ്രശംസ

ചെന്നൈ : വി.ഐ.ടി. ചെന്നൈയിൽ ഇൻക്യുബേറ്റ് ചെയ്ത ആരോഗ്യമേഖലയ്ക്കായുള്ള ഡീപ് ടെക്സ് സ്റ്റാർട്ടപ്പ് `മെഡ്എക്സ് എ.ഐ.’ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനത്തിനുശേഷം പോരൂരുനിന്നുള്ള മെട്രോ യാത്രയ്ക്കിടെയാണ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി സ്റ്റാർട് അപ്പിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞത്.
മെഡ്എക്സ് എ.ഐ.യുടെ പ്രധാന സാങ്കേതിക പ്ലാറ്റ്ഫോമുകളായ സെർവിലൻസ്, ക്വാണ്ടം ഫാംഎക്സ് എന്നിവയെപ്പറ്റി സി.ഇ.ഒ. ഡോ. ഷീന സി. പ്രവീൺ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. നിർമിതബുദ്ധി ഉപയോഗിച്ച് സെർവിക്കൽ കാൻസർ കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യയാണ് സെർവിലൻസ്. മരുന്നു തന്മാത്രകൾ കണ്ടെത്തുന്നതിനും പരിശോധിക്കുന്നതിനും എ.ഐ. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് ക്വാണ്ടം ഫാംഎക്സ്. വി.ഐ.ടി. ചെന്നൈയിലെ സ്കൂൾ ഓഫ് ഇലക്േട്രാണിക്സ് എൻജിനിയറിങ് അധ്യാപകരായ ഡോ. ഷീന സി. പ്രവീണും ഡോ. റീന മോണിക്ക പി.യുമാണ് മെഡ്എക്സ് എ.ഐ.യുടെ സ്ഥാപകർ.
വി.ഐ.ടി. ചെന്നൈയാണ് സ്റ്റാർട്ടപ്പിനുവേണ്ട സൗകര്യങ്ങളും പ്രോത്സാഹനവും ഒരുക്കിയത്. തമിഴ്നാട് ടെക്നോളജി ഹബ് ജൂണിൽ നടത്തിയ ഐആക്സിലറേറ്റ് പ്രോഗ്രാം വഴിയാണ് ഇവർക്ക് ഡൽഹിയിലെ സോഫ്റ്റ് വേർ ടെക്നോളജി പാർക്സ്ഓഫ് ഇന്ത്യയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ശ്രദ്ധയിലെത്താൻ കഴിഞ്ഞത്. ഈ മാസമാദ്യം നടന്ന ഓൺലൈൻ മീറ്റിങ്ങിനുശേഷമാണ് കമ്പനിയെ പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിന് തിരഞ്ഞെടുത്തത്. ഇങ്ങനെയാരു നേട്ടം കൈവരിക്കാനായതിന് വി.ഐ.ടി. ചാൻസലർ ഡോ. ജി. വിശ്വനാഥനും വൈസ് പ്രസിഡന്റ് ഡോ. ജി.വി. സെൽവനും കമ്പനി നന്ദി രേഖപ്പെടുത്തി.