വെളിപ്പെടുത്തലുമായി പെരുമാൾ മുരുഗൻ

'പെരിയാർ അറിവുലകത്തിൽ' വൻ ക്രമക്കേട്പുസ്തക സംഭരണത്തിൽ വീഴ്ചകൾ

ചെന്നൈ : കോയമ്പത്തൂരിലെ 'പെരിയാർ അറിവുലകം' ലൈബ്രറി ആൻഡ് സയൻസ് സെന്ററിലേക്കുള്ള പുസ്തകങ്ങൾ വാങ്ങിയതിൽ മുൻ ഡി.എം.കെ. സർക്കാർ വൻ ക്രമക്കേടുകൾ കാട്ടിയതായി എഴുത്തുകാരൻ പെരുമാൾ മുരുഗന്റെ വെളിപ്പെടുത്തൽ. 'പെരിയാർ അറിവുലകത്തിൽ പെരിയ ഊഴൽ' എന്ന അദ്ദേഹത്തിന്റെ ഓൺലൈൻ ലേഖനത്തിലാണ് ക്രമക്കേടുകളെക്കുറിച്ച് വിശദമാക്കിയത്. അജ്ഞാത പ്രസാധക സ്ഥാപനം വിതരണം ചെയ്ത 1,800 പുസ്തകങ്ങളിൽ കെട്ടിച്ചമച്ച വിവരങ്ങളുണ്ട്. രചയിതാക്കളുടെ പേരുകൾ സാങ്കൽപികമാണ്. നിരവധി പുസ്തകങ്ങളുടെ വിശ്വാസ്യതയെയും പെരുമാൾ മുരുകൻ ചോദ്യം ചെയ്തു.

'അഗൽവിളക്കു പതിപ്പഗം' എന്ന പ്രസാധക സ്ഥാപനത്തെക്കുറിച്ച് നാല് പതിറ്റാണ്ടോളം തമിഴ് സാഹിത്യ രംഗത്തുള്ള തനിക്ക് കേട്ടുകേൾവിയില്ല. പുസ്തകങ്ങളിൽ പരാമർശിച്ച എഴുത്തുകാരെയും മുമ്പ് കേട്ടിട്ടില്ല. പുസ്തകങ്ങൾക്ക് ഉയർന്ന വിലയാണ്. 300 പേജുള്ള 'നാളടിയാർ വാഴ്വിൻ വഴികാട്ടി' എന്ന പുസ്തകത്തിന്റെ വില 1,445 രൂപയാണ്. അതേസമയം പ്രമുഖ പ്രസാധകരുടെ സമാനമായ പുസ്തകങ്ങൾക്ക് 350 രൂപ മാത്രമാണ് വില. ഒട്ടേറെ പുസ്തകങ്ങളിൽ വസ്തുതാ പിശകുകളും തമിഴ് സാഹിത്യത്തെയും ചരിത്രത്തെയും കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അടങ്ങിയിട്ടുണ്ട്.

തമിഴ് സാഹിത്യ സമൂഹത്തിന് പരിചിതമല്ലാത്ത നിരവധി എഴുത്തുകാരുടെ പേരുകൾ പുസ്തകങ്ങളിൽ കാണാനുണ്ട്. പ്രസാധകരുടെ വിലാസവും വ്യാജമാണെന്നു കരുതുന്നു. സർക്കാർ ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിനായി പ്രത്യേകമായി പ്രസാധക സ്ഥാപനങ്ങൾ ഉണ്ടാക്കിയതാണെന്നു താൻ സംശയിക്കുന്നതായും പെരുമാൾ മുരുഗൻ ആരോപിച്ചു. ക്രമക്കേടിൽ ഉൾപ്പെട്ട പ്രസാധകർ, യഥാർഥ പേരുകൾ മറച്ചുവെച്ച് എഴുതിയവർ, പുസ്തകങ്ങൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാടുകൾ എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പെരുമാൾ മുരുഗൻ ആവശ്യപ്പെട്ടു. അന്വേഷണം പൂർത്തിയാകുന്നതുവരെ വിവാദ പുസ്തകങ്ങൾ ലൈബ്രറിയിൽനിന്ന് നീക്കം ചെയ്യണമെന്നും നിർദേശിച്ചു. പുസ്തകങ്ങൾ വാങ്ങിയതിലെ ക്രമക്കേടുകൾ സംബന്ധിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചതായി മന്ത്രി രാജ്‌മോഹൻ പറഞ്ഞു. പെരുമാൾ മുരുഗന്റെ ലേഖനം വായിച്ചതിനുശേഷം തനിക്ക് ദുഃഖവും അത്ഭുതവും തോന്നിയെന്ന് അദ്ദേഹം ചെന്നൈയിൽ പറഞ്ഞു. മുൻ ഡി.എം.കെ. സർക്കാരിന്റെ കാലത്ത് ഫെബ്രുവരിയിലാണ് പുസ്തകങ്ങൾ സംഭരിച്ചത്. ഇതിനു പിന്നിൽ വൻതോതിലുള്ള അഴിമതി നടന്നതായി സംശയിക്കുന്നു. ക്രമക്കേടുകളിൽ ഉൾപ്പെട്ടവർ നിയമനടപടി നേരിടേണ്ടിവരുമെന്നും രാജ്‌മോഹൻ പറഞ്ഞു.