വിഘ്നഹരനായ് ഗണപതിയെത്തി; തമിഴ്‌നാട്ടിൽ വിനായകചതുർഥി ആഘോഷം

ചെന്നൈ : സംസ്ഥാനത്ത് വിനായകചതുർഥി ആഘോഷിച്ചു. തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ പ്രത്യേക അഭിഷേകങ്ങളും പൂജകളും നടന്നു. ക്ഷേത്രങ്ങളിൽ ദർശനം നടത്താനും വഴിപാടുകൾക്കുമായി ഭക്തർ അണിനിരന്നു.

മധുര മീനാക്ഷിക്ഷേത്രത്തിലെ ഏഴടി ഉയരമുള്ള ഒറ്റക്കല്ലിൽ തീർത്ത വിനായക വിഗ്രഹത്തിൽ പ്രത്യേക അഭിഷേകങ്ങളും പൂജകളും നടന്നു. വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 36,000 വിനായക വിഗ്രഹം സ്ഥാപിച്ച് പ്രാർഥന നടന്നു. പത്തുദിവസം വരെ നീളുന്ന പൂജകൾക്കുശേഷം കടലിലോ മറ്റ് ജലാശയങ്ങളിലോ വിഗ്രഹങ്ങൾ നിമജ്ജനംചെയ്യും. പൂജയ്ക്കുവെക്കുന്ന പന്തലിൽ ദിവസവും പ്രാർഥനകൾ നടക്കും. തുടർന്ന് ഭക്തർക്ക് പ്രസാദം നൽകുന്നു. പ്രസാദത്തിൽ മധുരപലഹാരങ്ങളും ഉൾപ്പെടും. തുടർന്ന് പത്താംദിവസം വിഗ്രഹം സംഗീതത്തോടും കൂട്ടമന്ത്രങ്ങളോടുംകൂടി ഒരു പൊതുഘോഷയാത്രയിൽ വിഗ്രഹം കൊണ്ടുപോകുകയും കടലിൽ അല്ലെങ്കിൽ അടുത്തുള്ള ജലാശയത്തിൽ നിമജ്ജനംചെയ്യും.

പുതിയ തുടക്കങ്ങളുടെ ദേവനായും തടസ്സങ്ങളെ അകറ്റുന്നവനായും ജ്ഞാനത്തിന്റെ ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ബുദ്ധിയുടെ ദേവനായും ഗണപതിയെ വിശേഷിക്കുന്നു. ചെന്നൈയിൽനിന്ന് വിനായകവിഗ്രഹം വാങ്ങാനായും പൂജാവസ്തുക്കൾ വാങ്ങാനുമായി എത്തിയതിനാൽ മാർക്കറ്റുകളിൽ കടകളിലും വൻ തിരക്കായിരുന്നു. വിനായകവിഗ്രഹ നിമജ്ജനത്തിനായി ചെന്നൈയിൽ പട്ടിനപ്പാക്കത്തെ കടൽക്കരയിലും നീലാങ്കര കടൽക്കരയിലുമാണ് അനുമതി നൽകിയിരിക്കുന്നത്.