പരിസ്ഥിതിലോല മേഖല: കരടു വിജ്ഞാപനം ചർച്ചചെയ്ത് നിയമസഭ

മൂന്നുദിവസത്തെ സമ്മേളനത്തിന് തുടക്കം

ബെംഗളൂരു : പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരി രംഗൻ റിപ്പോർട്ട് ചർച്ചചെയ്യാൻ വിളിച്ചുചേർത്ത കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് തുടക്കം. പരിസ്ഥിതി ലോല മേഖലകളായി വില്ലേജുകളെ തിരിച്ചുകൊണ്ട് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച കരടു വിജ്ഞാപനത്തെപ്പറ്റിയുള്ള ചർച്ചയാണ് സമ്മേളനത്തിന്റെ ആദ്യദിവസം നടന്നത്. ഇത് നടപ്പായാൽ മലയോരമേഖലയിലെ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ ഭരണ-പ്രതിപക്ഷഭേദമില്ലാതെ അംഗങ്ങൾ പങ്കുവെച്ചു. റിപ്പോർട്ടിനെതിരേ പ്രമേയം പാസാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കാനാണ് സർക്കാർ ലക്ഷ്യം.

കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തെപ്പറ്റിയുള്ള അഭിപ്രായമാരായാൻ കഴിഞ്ഞദിവസം നടത്തിയ സമ്മേളനത്തിൽ ഉയർന്ന നിർദേശങ്ങൾ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിശദീരിച്ചു. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് പറഞ്ഞു. ഇത് കർഷകരിൽ ഭയത്തിന്റെ അന്തരീക്ഷമുണ്ടാക്കിയിട്ടുണ്ട്. പരിസ്ഥിതിലോലമേഖലകളെ അശാസ്ത്രീയമായി അളന്നു തിരിച്ചതിനാൽ എല്ലാവരിലും ആശങ്ക വളർന്നുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിജ്ഞാപനം പ്രസിദ്ധീകരിച്ച കേന്ദ്ര സർക്കാരിനെ പ്രതിപക്ഷനേതാവ് ആർ. അശോക ന്യായീകരിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശ പ്രകാരമാണ് കേന്ദ്ര സർക്കാർ നടപടിയെന്നും ഇതിനെതിേര സംസ്ഥാനം അടിത്തട്ടിലുള്ള സർവേ നടത്തണമെന്നും പ്രശ്നത്തെ നിയമപരമായി നേരിടാൻ പരിചയസമ്പന്നരായ അഭിഭാഷകരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തെ രാഷ്ട്രീയവത്‌കരിക്കരുതെന്നും പറഞ്ഞു. റിപ്പോർട്ട് നടപ്പാക്കുമ്പോൾ കർഷകർക്കും മറ്റ് ജനങ്ങൾക്കും പ്രയാസങ്ങൾവരും. പരിസ്ഥിതി സംരക്ഷിക്കുമ്പോൾത്തന്നെ ജനങ്ങളുടെ ജീവിതത്തെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1,576 വില്ലേജുകളിലായി 20,668 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല പ്രദേശമാണെന്ന് റിപ്പോർട്ട് പറയുന്നുണ്ടെന്നും അശോക ചൂണ്ടിക്കാട്ടി. ഇത് മറ്റ് സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ അധികമാണെന്നും പറഞ്ഞു.