കാഴ്ചയുടെ വിരുന്നായി ‘റൈത’ ദസറയും യോഗാഭ്യാസവും

എയർ ഷോ, കമ്പള മത്സരങ്ങൾ നാളെ
മൈസൂരു : ദസറ കാണാൻ കൊട്ടാര നഗരിയിലെത്തിയവർക്ക് കാഴ്ചയുടെ വിരുന്നായി ‘റൈത’ ദസറയും യോഗാഭ്യാസവും. ദസറയുടെ പ്രധാന ആകർഷണമായ റൈത ദസറ (കർഷക ദസറ), യോഗ ദസറ എന്നിവ വെള്ളിയാഴ്ചയാണ് തുടങ്ങിയത്.
ജെ.കെ. ഗ്രൗണ്ടിലെ കർഷക ദസറയിൽ കൃഷിവകുപ്പും മൈസൂരു ജില്ലാ പഞ്ചായത്തും ചേർന്ന് 40 കാർഷിക സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ വനിതാ കർഷകരെയും ചടങ്ങിൽ ആദരിച്ചു.
പി. കലിംഗ റാവു ഹാളിൽ യോഗ ദസറയുടെ ഭാഗമായി നടന്ന യോഗാസന മത്സരവും കാണികളെ ഏറെ ആകർഷിച്ചു. വിദ്യാർഥികളുടെ യോഗാഭ്യാസം കൗതുക പ്രകടനങ്ങൾക്കാണ് വേദിയൊരുക്കിയത്. ഇരു പരിപാടികളും മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.
ദസറയുടെ പ്രധാന ആകർഷണങ്ങളായ എയർ ഷോ, കമ്പള മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും.
ബന്നിമണ്ഡപം ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ രാവിലെ പത്തു മുതലാണ് എയർ ഷോ. ഇന്ത്യൻ വ്യോമസേനയുടെ അഭിമാനമായ സൂര്യകിരൺ എയ്റോബാറ്റിക് സംഘമാണ് ഷോ അവതരിപ്പിക്കുക.
കമ്പള മത്സരം ഞായറാഴ്ച രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഉദ്ഘാടനം ചെയ്യുക. സതഗള്ളിയിലുള്ള വി.ടി.യു. റീജണൽ സെന്ററിന് സമീപത്ത് ഒരുക്കിയ ട്രാക്കുകളിലാണ് ഇക്കുറി കമ്പള നടക്കുക.
കമ്പളയിൽ പങ്കെടുക്കുന്ന ബാക്കിയുള്ള 148 ജോഡി പോത്തുകൾ ശനിയാഴ്ച മത്സര വേദിയിലെത്തും. വിജയ, ദശമി എന്ന് പേരിട്ടിരിക്കുന്ന ഇരട്ട ട്രാക്കുകളാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്.