നോർക്ക കെയർ ഇൻഷുറൻസിലെ പ്രീമിയം വർധന; നോർക്ക ഓഫീസിലേക്ക് നാളെ ധർണ നടത്തും

ബെംഗളൂരു : നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിലെ പ്രീമിയം തുകയിലെ വർധനയിൽ പ്രതിഷേധിച്ച് മലയാളി സംഘടനകളുടെ നേതൃത്വത്തിൽ നോർക്ക സോണൽ ഓഫീസിനു മുന്നിൽ ധർണ നടത്തും.

ബെംഗളൂരു ഇൻഫാൻട്രി റോഡിലുള്ള ഓഫീസിനു മുന്നിൽ ചൊവ്വാഴ്ച രാവിലെ 10.30-നാണ് ധർണ. ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ ചേർന്ന മലയാളി സംഘടനകളുടെ സംയുക്തയോഗത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. കൂടാതെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ടുകണ്ട് നിവേദനം നൽകാനും തീരുമാനിച്ചു.

യോഗത്തിൽ മലയാളി ഫോറം പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷനായി. സെക്രട്ടറി ഷിബു ശിവദാസ് സംസാരിച്ചു. ബെംഗളൂരു കെ.എം.സി.സി., കേരളസമാജം സിറ്റി സോൺ, അൾസൂർ നാരായണ സമതി,സുവർണ കർണാടക കേരള സമാജം, ക്രിസ്റ്റഫർ അസോസിയേഷൻ, കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ, തേജസ്സ് ചാരിറ്റബിൾ ട്രസ്റ്റ്, നന്മ ബെംഗളൂരു കേരള സമാജം, സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ, മണികണ്ഠ സേവാസമിതി തുടങ്ങിയ മലയായാളി സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.