എസ്.ഐ.ആർ.: അന്തിമപട്ടികയിൽ 99.32 ലക്ഷം പേരുകൾ വെട്ടി

#സുനിൽ തിരുവമ്പാടി

ബെംഗളൂരു: കർണാടകത്തിൽ ഏറെ ആരോപണങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ നടത്തിയ എസ്.ഐ.ആർ. നടപടികൾക്കൊടുവിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വെട്ടിമാറ്റപ്പെട്ടത് 99.32 ലക്ഷം പേരുകൾ. 4,55,00,011 പേരാണ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അന്തിമപട്ടികയിൽ ഇടംനേടിയത്. എസ്.ഐ.ആറിനുമുൻപ് ഇത് 5,54,32,314 പേരായിരുന്നു. 99,32,303 പേരുകൾ നീക്കംചെയ്തു.

അതേസമയം, അന്തിമപട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഇനിയും അപേക്ഷ നൽകാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി. ഫോം 6-ൽ അപേക്ഷിക്കാം. പട്ടികയിൽനിന്ന് പേര് നീക്കാൻ ഫോം 7-ലും തെറ്റുകൾ തിരുത്താനുള്ളവർക്ക് ഫോം 8-ലും അപേക്ഷ നൽകാമെന്നും അറിയിച്ചു. ജൂൺ 16-നാണ് കർണാടകത്തിൽ എസ്.ഐ.ആർ. പ്രക്രിയ ആരംഭിച്ചത്.

ഓഗസ്റ്റ് 24-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 1.07 കോടി പേരെയാണ് (1,07,96,339 പേർ) പട്ടികയിൽനിന്ന് വെട്ടിമാറ്റിയത്. പുറത്തായവർ ആക്ഷേപങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. ഇവരുടെ ഹിയറിങ് പൂർത്തിയാക്കിയശേഷം അന്തിമപട്ടിക വന്നപ്പോൾ 10.08 ലക്ഷം പേർക്കാണ് (10,08,038 പേർ) തിരിച്ചുകയറാനായത്. ഇതിനുപുറമേ 1,88,324 പേരുകൾക്കൂടി വെട്ടിമാറ്റിയിട്ടുമുണ്ട്. സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിപ്പോയവർ, മരിച്ചവർ, പേര് ഇരട്ടിച്ചുവന്നവർ, മറ്റുള്ളവർ എന്നീ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പേരുകൾ വെട്ടിമാറ്റിയത്. ഇതിൽ ഭൂരിഭാഗവും (65.45 ലക്ഷം പേർ) സ്ഥിരമായി സ്ഥലംമാറിപ്പോയവർ എന്ന വിഭാഗത്തിൽപ്പെടുത്തിയാണ് നീക്കിയത്.

വിശദീകരണംതേടി 43,82,824 പേർക്ക് കമ്മിഷൻ നോട്ടീസയച്ചിരുന്നു. ഇവരുടെ ഹിയറിങ് പൂർത്തിയാക്കിയെന്നാണ് തിരഞ്ഞെടുപ്പുകമ്മിഷൻ അറിയിച്ചത്.

അന്തിമപട്ടികയിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ. 2,29,12,355 സ്ത്രീകൾ പട്ടികയിൽ ഇടംനേടിയപ്പോൾ പുരുഷന്മാർ 2,25,40,493 പേരാണ്. 2841 ട്രാൻസ്ജെൻഡർമാരും ഉൾപ്പെട്ടു. 18-19 പ്രായമുള്ള 6,83,364 പേരുണ്ട്. വിദേശത്ത് താമസിക്കുന്ന 3252 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. കൂടാതെ 44,322 സർവീസ് വോട്ടർമാരുമുണ്ട്.