വീണ്ടും മന്ത്രിസഭാ വികസനം; വനിതാമന്ത്രി ഉടനെന്ന് ശിവകുമാർ

വനിതാ മന്ത്രിയെ സംബന്ധിച്ച് തീരുമാനത്തിന് ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചുവെന്നും സൂചന
ബെംഗളൂരു : മൂന്ന് മാസത്തിനു ശേഷം കർണാടകം വീണ്ടും മന്ത്രിസഭാ വികസനത്തിനൊരുങ്ങുന്നു. ഒരു വനിതാമന്ത്രിയെക്കൂടി ഉൾപ്പെടുത്തുന്നതിനൊപ്പം മറ്റൊരാൾക്കു കൂടി മന്ത്രിസ്ഥാനം ലഭിക്കും.
ഫണ്ട് തിരിമറിക്കേസിൽ പ്രതിയായ ബി. നാഗേന്ദ്ര ഓഗസ്റ്റ് അവസാനം രാജിവെച്ചിരുന്നുവെങ്കിലും ഈ സ്ഥാനത്തേക്ക് പുതിയ മന്ത്രിയെ നിയമിച്ചിരുന്നില്ല. പ്രതിഷേധം കെട്ടടങ്ങിയതിനാൽ നാഗേന്ദ്രയ്ക്ക് മന്ത്രിസ്ഥാനം തിരിച്ചുകിട്ടാനും സാധ്യതയുണ്ട്.
നിയമസഭയുടെ ശീതകാല സമ്മേളനത്തിനു മുൻപ് വനിതാമന്ത്രി സ്ഥാനമേൽക്കുമെന്ന് മുഖ്യമന്ത്രി ശിവകുമാർ അറിയിച്ചിട്ടുണ്ട്.
അടുത്തമാസം രണ്ടിനാണ് നിയമസഭാസമ്മേളനം ആരംഭിക്കുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ഏക വനിതാമന്ത്രിയായ ലക്ഷ്മി ഹെബ്ബാൾക്കർക്ക്
ജൂണിൽ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സ്ഥാനമേറ്റപ്പോൾ പദവി നഷ്ടമായി. പിന്നീട് ഓഗസ്റ്റിൽ മന്ത്രിസഭാ വികസനം നടപ്പാക്കിയെങ്കിലും വനിതാ മന്ത്രിയുടെ കാര്യത്തിൽ ധാരണയിെലത്താനായില്ല.
കഴിഞ്ഞദിവസം ശിവകുമാർ നടത്തിയ ഡൽഹി സന്ദർശനത്തിൽ വനിതാ മന്ത്രിയെ സംബന്ധിച്ച് തീരുമാനത്തിന് ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചുവെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച സിദ്ധരാമയ്യയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ശിവകുമാർ സന്ദർശിച്ചതും ഇതുമായിബന്ധപ്പെട്ട നടപടിയായിട്ടാണ് വ്യാഖ്യാനിക്കുന്നത്. അതിനാൽ അധികം വൈകാതെ തന്നെ പുതിയമന്ത്രിമാർ സ്ഥാനമേൽക്കാനാണ് സാധ്യത.