കർണാടകത്തിന് രണ്ടാമത്തെ വനിതാ ഗവർണർ; സുധാ യാദവ് ചുമതലയേറ്റു

ബെംഗളൂരു : കർണാടകത്തിൽ പുതിയ ഗവർണറായി സുധാ യാദവ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബക്രു സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് ആർ. അശോക, കൗൺസിൽ പ്രതിപക്ഷനേതാവ് ചലവാദി നാരായണസ്വാമി, സ്ഥാനമൊഴിയുന്ന ഗവർണർ താവർചന്ദ് ഗഹ്‌ലോത് എന്നിവർ സംബന്ധിച്ചു.

താവർചന്ദ് ഗഹ്‌ലോതിന്റെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് സുധാ യാദവിനെ രാഷ്ട്രപതി ദ്രൗപദി മുർമു പുതിയ കർണാടക ഗവർണറായി നിയമിച്ചത്. കർണാടകത്തിന്റെ രണ്ടാമത്തെ വനിതാ ഗവർണറാണ് സുധാ യാദവ്. 1999 മുതൽ 2002 വരെ ചുമതലയുണ്ടായിരുന്ന വി.എസ്. രമാദേവിയാണ് ആദ്യ വനിതാ ഗവർണർ.മുതിർന്ന ബി.ജെ.പി. നേതാവായ സുധാ യാദവ് ഹരിയാണ സ്വദേശിയും 1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച അതിർത്തിസുരക്ഷാ സേനയുടെ ഡെപ്യൂട്ടി കമാൻഡർ സുഖ്ബിർ സിങ് യാദവിന്റെ ഭാര്യയുമാണ്. റൂർക്കി സർവകലാശാല(ഇപ്പോഴത്തെ റൂർക്കി ഐ.ഐ.ടി.)യിൽനിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡി.യും നേടിയിട്ടുള്ള സുധ ഭർത്താവിന്റെ വീരമൃത്യുവിനു പിന്നാലെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.

1999 മുതൽ 2004 വരെ ഹരിയാണയിലെ മഹേന്ദ്രഗഢ്‌ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗമായിരുന്നു. പാർട്ടിയുടെ ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചു. ബി.ജെ.പി.യുടെ പിന്നാക്കവിഭാഗ മോർച്ചയുടെ നേതൃത്വത്തിലുമെത്തി. ദേശീയ പിന്നാക്കവിഭാഗ കമ്മിഷൻ അംഗമായിരുന്നു. 2022 മുതൽ ബി.ജെ.പി.യുടെ ഉന്നത സമിതിയായ പാർലമെന്ററി ബോർഡിൽ അംഗമാണ്.