തിരിച്ചുവരവ് ലക്ഷ്യമിട്ട് ബി.ജെ.പി. ഇൻചാർജിനെ മാറ്റി ദേശീയനേതൃത്വം

ചുമതല ഹരീഷ് ചന്ദ്ര ദ്വിവേദിക്ക്
ബെംഗളൂരു: കർണാടകത്തിൽ ബി.ജെ.പി.യുടെ തിരിച്ചുവരവ് ലക്ഷ്യമിട്ട് പുതിയ ഇൻ-ചാർജിനെ നിയമിച്ച് ദേശീയനേതൃത്വം. മുൻ എം.പി. ഹരീഷ് ചന്ദ്ര ദ്വിവേദിയെയാണ് പാർട്ടി കർണാടകയുടെ ചുമതലയുള്ള ദേശീയ ജനറൽസെക്രട്ടറിയായി നിയമിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചുമതലയിലെത്തിയ ജനറൽസെക്രട്ടറി രാധാ മോഹൻദാസ് അഗർവാളിനെ മാറ്റിയാണ് ഹരീഷ് ചന്ദ്ര ദ്വിവേദിക്ക് കർണാടകത്തിന്റെ ചുമതല നൽകിയത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വശമുള്ള ഹരീഷ് ചന്ദ്രയുടെ വരവ് 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി ലക്ഷ്യമിട്ടാണ്. 2023-ലെ തിരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയത്തെ മറികടന്ന് പാർട്ടിയെ വിജയത്തിലേക്ക് നയിക്കുകയെന്നതാണ് ഹരീഷ് ദ്വിവേദിയുടെ ദൗത്യം. ബിഹാർ ബി.ജെ.പി.യുടെ ചുമതലക്കൊപ്പമാണ് കർണാടകത്തിന്റെ ചുമതലയും വഹിക്കുക. തെലങ്കാന ബി.ജെ.പി. നേതാവ് ഡോ. കസം വെങ്കടേശ്വരലുവിനെ കർണാടകത്തിന്റെ കോ ഇൻചാർജായും നിയമിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബിൻ എന്നിവർ അടുത്തിടെ കർണാടകത്തിലെത്തി സംസ്ഥാന നേതാക്കളെ കണ്ടിരുന്നു.
സംഘടനാതല ചർച്ചയും ഇവർ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മറ്റ് ഏതാനും സംസ്ഥാനങ്ങളിലെ ഇൻചാർജുമാരെ മാറ്റിയതിനൊപ്പം കർണാടകത്തിലും അഴിച്ചുപണി നടത്തിയത്.
നിതിൻ നബിൻ ഏറെ അടുപ്പംപുലർത്തുന്ന നേതാവാണ് ഹരീഷ് ദ്വിവേദി.
സംസ്ഥാനത്തെ പാർട്ടി നേതൃത്വവുമായി മുതിർന്ന നേതാക്കളുൾപ്പെടെ കുറച്ചുകാലമായി അകന്നുനിൽക്കുകയാണ്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയുടെ മകനും എം.എൽ.എ.യുമായ ബി.വൈ. വിജയേന്ദ്രയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയതിനുപിന്നാലെയാണ് ഉൾപ്പാർട്ടി കലാപങ്ങൾ ഉടലെടുത്തത്.
കോൺഗ്രസ് സർക്കാരിനുനേരേ ശക്തമായ സമരം നടത്തി പാർട്ടിയെ വേണ്ടവിധം ചലിപ്പിക്കാൻ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനമുണ്ട്. ഈ സാഹചര്യത്തിലാണ് ഹരീഷ് ദ്വിവേദി മേൽനോട്ടത്തിനെത്തുന്നത്.