കേരള സമാജം സൗത്ത് വെസ്റ്റ് ഓണാഘോഷം

ബെംഗളൂരു : കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ പരിപാടിയായ ‘പൊന്നോണം 2026’ വിവിധ പരിപാടികളോടെ നടത്തി. സാംസ്കാരിക സമ്മേളനം കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു. കർണാടക ജൈവോർജ വികസനബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര, മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഓഫീസറും നർത്തകിയുമായ ഡോ. വൈഷ്ണവി സുധീന്ദ്ര, സാമൂഹിക പ്രവർത്തക അനുപമ പഞ്ചാക്ഷരി എന്നിവർ മുഖ്യാതിഥികളായി .

സമാജം വൈസ് പ്രസിഡന്റ് സജിത് കുമാർ, ഖജാൻജി ശിവദാസ് ഇടശ്ശേരി, സമാജം ഉപസമിതി കൺവീനർമാരായ കെ.വി. മഹേശൻ, സ്മിത പ്രകാശ്, ജെസ്വിൻ പ്രദീപ്, അഞ്ചിത എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്രീയൂണിവേഴ്‌സിറ്റി ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു.

പൂക്കളം, കലാകായിക മത്സരങ്ങൾ, നൃത്തമത്സരം, ഉപകരണസംഗീതമത്സരം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാന വിതരണംചെയ്തു. സമാജം അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, മാർഗം കളി, കേരളദർശനം, ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് നൃത്തങ്ങൾ എന്നിവയടങ്ങിയ കലാവിരുന്ന്, ചെണ്ടമേളം, ഓണസ്സദ്യ മെഗാ ഗാനമേള എന്നിവയുണ്ടായിരുന്നു.