ദസറ നടത്തിപ്പിലെ തർക്കം; സ്വർണ അമ്പാരി സർക്കാരിന്റെ സ്വത്തല്ലെന്ന് മൈസൂരു രാജ്ഞി

ജംബൂസവാരിയിൽ സുരക്ഷാവീഴ്ചയെന്നും ആരോപണം

മൈസൂരു : ദസറ നടത്തിപ്പിലെ തർക്കത്തിൽ മന്ത്രിയുടെ വാദത്തിന് മറുപടിയുമായി മൈസൂരു രാജ്ഞി. മൈസൂരു കൊട്ടാരവും അതിലെ വസ്തുക്കളും സർക്കാരിന്റെ ഉടമസ്ഥതയിലാണെന്നും ദസറ എങ്ങനെ നടത്തണമെന്ന് സർക്കാർ തീരുമാനിക്കുമെന്നുമുള്ള മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയുടെ വാദത്തെ എതിർത്താണ് രാജ്ഞി പ്രമോദാദേവി വോഡയാർ രംഗത്തെത്തിയത്.

ജംബൂസവാരിയിൽ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിക്കുന്ന സ്വർണ അമ്പാരി സർക്കാരിന്റെ സ്വത്തല്ലെന്നും അത് രാജകുടുംബത്തിന്റേതാണെന്നും അവർ അഭിപ്രായപ്പെട്ടു. അതിനാൽ ദസറ നടത്തിപ്പിൽ രാജകുടുംബത്തിന്റെ അഭിപ്രായം മാനിക്കണം.

750 കിലോ ഭാരമുള്ള അമ്പാരിയുടെ പൂർണ അവകാശികൾ രാജകുടുംബമാണ്. ജംബൂ സവാരിക്ക് സിറ്റി പോലീസ് കമ്മിഷണറുടെ അഭ്യർഥനപ്രകാരമാണ് അമ്പാരി വിട്ടുനൽകുന്നത്. അതിന്റെ സുരക്ഷയുടെ ഉത്തരവാദിത്വം പോലീസിനാണ്. എന്നാൽ, സർക്കാർ വകുപ്പുകളിൽനിന്നും പോലീസിൽനിന്നും അനധികൃതപാസുകൾവാങ്ങിയ ഒട്ടേറെപ്പേർ ഇത്തവണ സവാരിയിൽ അമ്പാരിക്കുചുറ്റുംനിന്ന് സെൽഫിയെടുക്കുന്ന അവസ്ഥയായിരുന്നു. ഇത് സുരക്ഷാവീഴ്ചയാണ്.

സവാരി കഴിഞ്ഞ് അമ്പാരി തിരിെക വാങ്ങാനെത്തിയ രാജകുടുംബത്തിലെ പ്രതിനിധികളെ പോലീസ് ഉദ്യോഗസ്ഥർ കൈയേറ്റംചെയ്തിരുന്നു. ഇത് ഒട്ടും അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു. ജംബൂസവാരി മറ്റൊരു ദിവസം നടത്തി വിജയദശമി,

നവമി ദിനങ്ങളിൽ കൊട്ടാരം പൂർണമായും രാജകുടുംബത്തിന് വിട്ടുനൽകണമെന്ന് രാജ്ഞി ആവശ്യപ്പെട്ടിരുന്നു.

ഈ ദിവസങ്ങളിലെ തിരക്കുകാരണം കൊട്ടാരത്തിലെ മതപരമായ ആചാരങ്ങളും പൂജകളും മുടങ്ങുന്നുവെന്നായിരുന്നു അവരുടെ വാദം. എന്നാൽ, ഈ ആവശ്യം തള്ളുകയും ദസറനടത്തിപ്പിലെ അന്തിമ തീരുമാനം സർക്കാരിന്റേതാണെന്നും മന്ത്രി പ്രതികരിച്ചു.