എസ്.ഐ.ആർ.: സാമൂഹിക ഓഡിറ്റിങ്ങുമായി പ്രകാശ്‌രാജ് പര്യടനം തുടങ്ങി

ബെംഗളൂരു : എസ്.ഐ.ആറുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ അടിത്തട്ടിലെ യാഥാർഥ്യം വെളിവാക്കാൻ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് കർണാടകത്തിലെ ബൂത്തുകളിലൂടെ നടത്തുന്ന പര്യടനത്തിന് തുടക്കം.

പത്തുദിവസത്തെ പര്യടനത്തിൽ സാമൂഹിക ഓഡിറ്റിങ്ങിലൂടെ നൂറു ബൂത്തുകളിലെ യാഥാർഥ്യം പുറത്തുകൊണ്ടുവരാനാണ് ലക്ഷ്യം.

വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ നേരിൽക്കണ്ട് തെളിവുകൾ ശേഖരിക്കും. ബുധനാഴ്ച കലബുറഗിയിലെ രാമനഗരയിൽ ബി.ആർ.അംബേദ്കറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് പര്യടനം തുടങ്ങിയത്.

പ്രദേശത്തെ നാടോടികൾ പാർക്കുന്ന സ്ഥലത്തെത്തി താമസക്കാരെ കണ്ടു. പല കാരണങ്ങൾകൊണ്ട് വോട്ടർപട്ടികയിൽനിന്ന് പുറത്തായവരുമായി സംസാരിച്ചു.

കലബുറഗിയിൽ 5,21,957 പേരുകൾ വോട്ടർപട്ടികയിൽ സംശയത്തിന്റെ നിഴലിലാക്കിയിട്ടുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു.

എ.എസ്.ഡി.ഡി.ഒ. (ആബ്‌സന്റീസ്, ഷിഫ്റ്റഡ്, ഡെഡ്ഡ്, ഡ്യൂപ്ലിക്കറ്റ് ആൻഡ് അദേഴസ്) വിഭാഗത്തിൽപ്പെടുത്തിയാണിത്. ഇതിൽ 25,000 പേർ മാത്രമേ ഫോറം നമ്പർ ആറുമായി പേര് തിരികെച്ചേർക്കാനെത്തിയിട്ടുള്ളൂവെന്നും പറഞ്ഞു.

നൂറു ബൂത്തുകളിലെ സാമൂഹിക ഓഡിറ്റിങ്ങിനൊടുവിൽ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും. തുടർന്ന് സമരം ഡൽഹിയിലേക്ക് വ്യാപിപ്പിക്കുമെന്നും പറഞ്ഞു. പൊതുജനസംഘടനകളുടെ ഭാരവാഹികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.