കുടകിലെ തടിയന്റമോൾ ട്രക്കിങ് കേന്ദ്രം ഉടൻ തുറക്കും

മൈസൂരു : കുടകിലെ പ്രശസ്തമായ തടിയന്റമോൾ ട്രക്കിങ് കേന്ദ്രം അടുത്തയാഴ്ച തുറക്കും. മലയാളി പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് സുരക്ഷാ കാരണങ്ങളെത്തുടർന്നാണ് കഴിഞ്ഞ ഏപ്രിലിൽ മുതൽ കേന്ദ്രം അടച്ചിട്ടത്. മലയാളി ഐ.ടി. യുവതിയായ ജി.എസ്. ശരണ്യയെയായിരുന്നു ട്രക്കിങ്ങിനിടെ മലനിരകളിൽ കാണാതായത്. എന്നാൽ, യുവതി സുരക്ഷിതയായി തിരിച്ചെത്തിയിരുന്നു. മലയാളികളുടെ ഇഷ്ട വിനോദ കേന്ദ്രമായ കുടകിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ തടിയന്റമോളിലെ ട്രക്കിങ് അടുത്ത ആഴ്ച തുറക്കുമെന്നാണ് മടിക്കേരി ഡി.സി.എഫ്. കെ. അഭിഷേക് അറിയിച്ചത്.
സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇക്കോ ടൂറിസം കൈകാര്യം ചെയ്യുന്നതിനുമായി വനം വകുപ്പും കർണാടക ഇക്കോ ടൂറിസം വികസന ബോർഡും കൂടുതൽ സുരക്ഷാ മാർഗ നിർദേശങ്ങൾ കർശനമാക്കിയിട്ടുണ്ട്. അതിനാലാണ് കേന്ദ്രം തുറക്കുന്നതെന്ന് കെ. അഭിഷേക് അറിയിച്ചത്.
92 പ്രാദേശിക ഗൈഡുകൾ വിദഗ്‌ധ പരിശീലനം പൂർത്തിയാക്കി. ഇവരുടെ സാന്നിധ്യത്തിൽ മാത്രമായിരിക്കും സഞ്ചാരികളെ കയറ്റുക. ഇവർക്ക് വാക്കി -ടോക്കികൾ, പ്രഥമശുശ്രൂഷ കിറ്റുകൾ എന്നിവയടക്കം നൽകിയിട്ടുണ്ട്. 10 ട്രക്കർമാർക്ക് ഒരു ഗൈഡ് നിർബന്ധമായും വേണമെന്നാണ് നിർദേശം. തടിയന്റമോൾ, നിഷാനി കുന്നുകൾ, പുഷ്പഗിരി ബെൽറ്റിലെ കുമാര പർവത, മാക്കുട്ടയ്ക്കടുത്തുള്ള ശരത് അബി, ശ്രീമംഗലത്തിനടുത്തുള്ള നരിമലെ കുന്നുകൾ തുടങ്ങി എല്ലാ ട്രക്കിങ്ങിലേക്കും സഞ്ചാരികളെ അനുവദിക്കും.