നവരാത്രി യാത്രാത്തിരക്ക് രൂക്ഷം പ്രത്യേക തീവണ്ടികൾ വേണം

ബെംഗളൂരു : നവരാത്രിയോട് അനുബന്ധിച്ച ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് തീവണ്ടികളിൽ ടിക്കറ്റ് കിട്ടാനില്ല. പൂജ അവധിക്ക് ഒരുമാസത്തോളം ബാക്കിയുണ്ടെങ്കിലും ഒക്ടോബർ ഒൻപതുമുതലുള്ള ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിൽ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീർന്നു. പലദിവസങ്ങളിലും തീവണ്ടികളിൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുപോലും കിട്ടാനില്ലാത്ത സ്ഥിതിയാണ്.
നവരാത്രിക്ക് ബെംഗളൂരുവിൽ സ്‌കൂളുകൾക്ക് ഒരാഴ്ചയിലേറെ അവധിയുള്ളതിനാൽ കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് ഇൗ കാലത്ത് കൂടുതലായിരിക്കും. നഗരത്തിൽ സ്ഥിരതാമസമാക്കിയവർ പലരും മധ്യവേനൽ അവധി കൂടാതെ കുടുംബമായി നാട്ടിൽ പോകുന്നത് പൂജയോട് അനുബന്ധിച്ച അവധിക്കാലത്താണ്. അതിനാൽ തീവണ്ടികളിൽ രണ്ടുമാസം മുൻകൂട്ടി റിസർവേഷൻ ആരംഭിക്കുന്ന ദിവസംതന്നെ ടിക്കറ്റ് ബുക്കിങ് തിരക്ക് പതിവാണ്.
ഓണത്തിന് ഇതിലുംവലിയ തിരക്കായിരുന്നു അനുഭവപ്പെട്ടതെങ്കിലും ഇത്തവണ കൂടുതൽ പ്രത്യേക തീവണ്ടി സർവീസുകളുണ്ടായിരുന്നത് പ്രയോജനമായി. പ്രത്യേക സർവീസുകൾ നേരേേത്തതന്നെ പ്രഖ്യാപിച്ചതും ഗുണകരമായി. അതിനാൽ നവരാത്രി പ്രത്യേക തീവണ്ടി സർവീസുകളും വേണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്.
മുൻപ് അനുവദിച്ചിരുന്ന നാല് ജോഡി പ്രത്യേക തീവണ്ടി സർവീസുകൾ ഒരു മാസം കൂടി നീട്ടിയിരുന്നു. എസ്.എം.വി.ടി.-തിരുവനന്തപുരം നോർത്ത് റൂട്ടിൽ നടത്തുന്ന മൂന്ന് സർവീസുകളും ഹുബ്ബള്ളി-കൊല്ലം റൂട്ടിലെ ഒരു സർവീസുമാണ് നീട്ടിയത്. ഇൗ സർവീസുകളിൽ നവരാത്രിയോട് അനുബന്ധിച്ച വാരാന്ത്യത്തിൽ ടിക്കറ്റില്ല. അതിനാൽ നവരാത്രി അവധിയാത്രയ്ക്ക് ഗുണകരമാകുന്ന വിധത്തിൽ പുതിയ പ്രത്യേക സർവീസ് വേണമെന്നാണ് ആവശ്യം.
ഒക്ടോബർ ഒൻപത്, 10, 16,17 തീയതികളിലാണ് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് നവരാത്രിയോട് അനുബന്ധിച്ച് ഏറ്റവുംകൂടുതൽ തിരക്കുള്ളത്. ഈ ദിവസങ്ങളിൽ വൈകീട്ട് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന വിധത്തിൽ പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.