ദസറ: ഉദ്യോഗസ്ഥർ ജംബുസവാരി റൂട്ട് പരിശോധിച്ചു

മൈസൂരു : ദസറ സുരക്ഷാ ഉദ്യോഗസ്ഥർ തുറന്ന അമ്പാരി ബസിൽ ജംബുസവാരി റൂട്ട് പരിശോധിച്ചു. ദസറ സ്‌പെഷ്യൽ ഓഫീസർമാരായ സിറ്റി പോലീസ് കമ്മിഷണർ സീമ ലട്കർ, ഡി.സി.പി.മാരായ ഡോ. ഹർഷ പ്രിയംവദ, സുന്ദർ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാപരിശോധന നടത്തിയത്. ഒക്ടോബർ 11 മുതലാണ് ഈ വർഷത്തെ ദസറ ആഘോഷം. സുരക്ഷിതവും തടസ്സരഹിതവുമായ 11 ദിവസത്തെ ആഘോഷങ്ങൾ ഉറപ്പാക്കാൻ മൈസൂരു സിറ്റി പോലീസ് സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്ന് സീമ ലട്കർ അറിയിച്ചു.
സവാരിറൂട്ടിലെ വിവിധ സുരക്ഷാ പോയിന്റുകളും വിശദമായി പരിശോധിച്ചു. സവാരിസമയത്ത് സ്വർണരഥത്തിന്റെ തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പുവരുത്താൻ ഏതെങ്കിലും ശാഖകൾ വെട്ടിമാറ്റേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ ഘോഷയാത്രാ റൂട്ടിലെ മുഴുവൻ മരങ്ങളും പരിശോധിച്ചു.
ഈ വർഷത്തെ ദസറ ഘോഷയാത്രയിൽ പങ്കെടുക്കാൻ കന്നഡ സിനിമാതാരങ്ങളെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ക്ഷണിച്ചിരുന്നു. ഇതിന്റെ ഭാഗമായി കന്നഡ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റും നടിയുമായ ജയമാലയും സുരക്ഷാ സംഘത്തിനൊപ്പം സഞ്ചരിച്ചു. തുറന്നബസിലായിരിക്കും താരങ്ങൾ കൊട്ടാരത്തിലെ നോർത്ത് ഗേറ്റിൽനിന്ന് കെ.ആർ. സർക്കിൾവരെ ഘോഷയാത്രയുടെ ഭാഗമാകുക.