എസ്.ഐ.ആറിനെതിരേ ഇന്ത്യമുന്നണിയുടെ സമരം

#സുനിൽ തിരുവമ്പാടി

ബെംഗളൂരു: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടും കർണാടകത്തിൽ ഇന്ത്യമുന്നണിയിലെ കക്ഷികളുടെ സംയുക്ത പ്രക്ഷോഭം വരുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഇന്ത്യമുന്നണി ഡൽഹിയിൽ നടത്തിയ വൻ പ്രക്ഷോഭം ജനശ്രദ്ധയാകർഷിച്ചതിനു പിന്നാലെയാണ് കർണാടകത്തിലും സംയുക്ത സമരത്തിന് ആലോചിക്കുന്നത്.

കോൺഗ്രസിന്റെ നേതൃത്വത്തിലായിരിക്കും സമരം. കെ.പി.സി.സി. അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് വെള്ളിയാഴ്ച വിളിച്ചുചേർത്ത മുന്നണിയിലെ കക്ഷികളുടെ യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ എ.ഐ.സി.സി. സെക്രട്ടറി ഗോപിനാഥ് പളനിയപ്പൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി കെ. പ്രകാശ്, സി.പി.ഐ. സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേശ്, സമാജ് വാദി പാർട്ടി സംസ്ഥാനാധ്യക്ഷൻ മഞ്ജപ്പ യാദവ് എന്നിവർ പങ്കെടുത്തു.

സി.പി.ഐ.(എം.എൽ.) ലിബറേഷൻ, ഫോർവേഡ് ബ്ലോക്ക് എന്നിവയുടെ പ്രതിനിധികളും സംബന്ധിച്ചു.

വിവിധ പാർട്ടികളിൽനിന്നുള്ള പ്രതിനിധികളുൾപ്പെട്ട കോഡിനേറ്റിങ് സമിതിക്ക് രൂപംനൽകാൻ യോഗം തീരുമാനിച്ചു. നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് ഇന്ത്യമുന്നണി നടത്തുന്ന പ്രക്ഷോഭത്തിൽ കർണാടകത്തിൽനിന്ന് എല്ലാ പാർട്ടികളിലെയും പ്രതിനിധികൾ പങ്കെടുക്കാൻ തീരുമാനിച്ചു. ഇതിനുപിന്നാലെ ബെംഗളൂരുവിൽ സംസ്ഥാനതല പ്രക്ഷോഭവും സംഘടിപ്പിക്കും.

തുടർന്ന് ജില്ലാതലത്തിലും താലൂക്ക് തലത്തിലും പ്രക്ഷോഭം വ്യാപിപ്പിക്കാനും തീരുമാനിച്ചു. ‘വോട്ട് സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയായിരിക്കും സമരം. കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ, യുവാക്കൾ, പുരോഗമന സംഘടനകളുടെ പ്രവർത്തകർ എന്നിവരെ പ്രക്ഷോഭത്തിൽ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.