എസ്.ഐ.ആർ. പാകപ്പിഴ; തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നോട്ടീസ്

ബെംഗളൂരു : കർണാടകത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ (എസ്.ഐ.ആർ.) സംഭവിച്ച പാകപ്പിഴകൾ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ, സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തുടങ്ങിയവർക്ക് കർണാടക ഹൈക്കോടതി നോട്ടീസ് നൽകി. ബെംഗളൂരു ജെ.പി. നഗറിൽ താമസിക്കുന്ന എസ്. മൈഥിലി സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹർജി 17-ന് വീണ്ടും പരിഗണിക്കുമ്പോൾ വിശദീകരണം നൽകണം.

സ്ഥിരമായി താമസം മാറ്റിയെന്ന് കാരണം കാട്ടി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കേണ്ടവരുടെ പട്ടികയിലേക്ക് മാറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് മൈഥിലി കോടതിയെ സമീപിച്ചത്. തന്റെ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറുമായി മറ്റൊരാളുടെ പേര് വിവരങ്ങളാണ് നൽകിയിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.

എസ്.ഐ.ആർ. നടപടിയുടെ ഭാഗമായി വീടുകൾ സന്ദർശിച്ചുള്ള വിവരശേഖരണം പൂർത്തിയാക്കി കഴിഞ്ഞയാഴ്ചയിലാണ് കർണാടകത്തിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.

സംസ്ഥാനത്തെ നിലവിലുള്ള വോട്ടർമാരിൽ 1.07 കോടി പേരെ കരട് പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനെതിരേ നടൻ പ്രകാശ് രാജ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തിയിരുന്നു. ഗുരുതരമായ പാകപ്പിഴകൾ വോട്ടർപട്ടിക പരിഷ്‌കരണത്തിലുണ്ടെന്നാണ് ആരോപണം. പ്രകാശ് രാജിന്റെ പേരും ഒഴിവാക്കപ്പെടേണ്ടവരുടെ പട്ടികയിലേക്ക് മാറ്റിയിരുന്നു.