യൂത്ത് കഫേ 2026: ഒരുക്കങ്ങൾ സജീവമാക്കി യൂത്ത് ഇന്ത്യ ബഹ്റൈൻ

മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിക്കുന്ന കുടുംബ-യുവജന സംഗമമായ 'യൂത്ത് കഫേ 2026'ന്റെ ഒരുക്കങ്ങൾ സജീവമായി. ഡിസംബർ 18 വെള്ളിയാഴ്ച പ്രവാസി സെന്ററിൽ വെച്ചാണ് പരിപാടി നടക്കുക. സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
പ്രവാസികൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് യൂത്ത് കഫേയിൽ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖർ പങ്കെടുക്കുന്ന എക്സ്പെർട്ട് ടോക്ക്, ഫാമിലി സെഷൻ, കുട്ടികളുടെ കലാ-വിനോദ പരിപാടികൾ, രുചികരമായ ഭക്ഷണവിഭവങ്ങളടങ്ങിയ ഫുഡ് കോർണർ, സാഹിത്യ-സാമൂഹിക ചർച്ചകൾ നടക്കുന്ന ടീ ടോക്ക് എന്നിവയാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.
സിഞ്ചിലെ യൂത്ത് ഇന്ത്യ ഓഫീസിൽ ചേർന്ന യോഗത്തിലാണ് സ്വാഗതസംഘ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സുബൈർ എം. എം. (മുഖ്യ രക്ഷാധികാരി), ഷൗക്കത്തലി (യൂത്ത് ഇന്ത്യ പ്രസിഡന്റ്), സിറാജ് എം. എച്ച്. (യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി), ജുനൈദ് കായണ്ണ (ഇവന്റ് ജനറൽ കൺവീനർ) എന്നിവരുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പ് കൺവീനർമാരെ തീരുമാനിച്ചു.
ഇജാസ് മൂഴിക്കൽ (പ്രോഗ്രാം അറേഞ്ച്മെന്റ്), സിറാജ് വി. പി. (വെന്യൂ അറേഞ്ച്മെന്റ്), സാജീർ ഇരിക്കൂർ (ഫുഡ് & ബീവറേജ്), സവാദ് (വളണ്ടിയർ), ഇർഫാൻ (മീഡിയ & പബ്ലിസിറ്റി) എന്നിവരാണ് വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുന്നത്. ഡിസംബർ 18-ന് നടക്കുന്ന മഹാസംഗമത്തിലേക്ക് ബഹ്റൈനിലെ മുഴുവൻ പ്രവാസി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.