പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനം - മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

മനാമ: ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സന്ദേശവാഹകരായ പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനമാണെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മാനവികതയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ശ്രമങ്ങളെ രാജ്യം എന്നും ആദരപൂര്‍വമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂവില്‍ നടന്ന ട്രിബ്യൂട്ട് ടു ബഹ്‌റൈന്‍ പരിപാടിയില്‍ 'സംസ്‌കാരങ്ങളൂടെ സംഗമം- മാനവികതയുടെ ആത്മാവ് 'എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ രാഷ്ട്രപതി.
ഇന്ത്യന്‍ പ്രവാസി സമൂഹത്തെ ഹൃദയംഗമമായി സ്വീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഹമദ് രാജാവിനും കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും എന്നും സമാധാനപരമായ സഹവര്‍ത്തിത്വമാണ് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. വിശ്വമാനവികതയും സാഹോദര്യവും പുലരണമെന്നാണ് ഇരുരാജ്യങ്ങളുടേയും കാഴ്ചപ്പാട്. കാഴ്ചപ്പാടുകളിലുള്ള ഈ സമാനതയാണ് ബഹ്‌റൈനും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുന്നതിന് കാരണം. സത്യസന്ധതയിലൂടെയും കഠിനാധ്വാനത്തിലൂടെയും ഇന്ത്യയുടെ അഭിമാനം ലോകമാകെ പ്രവാസി ഇന്ത്യക്കാര്‍ വ്യാപിക്കുകയാണ് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്.
ഒരു ജാതി, ഒരുമതം എന്ന മഹത്തായ സന്ദേശം നല്‍കി മനുഷ്യകുലത്തെ ഒരുമയിലേക്ക് നയിച്ച ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആചരണങ്ങളുടെ ഭാഗമായാണ് ബഹ്‌റൈനില്‍ വന്നിരിക്കുന്നത്. സമൂഹത്തെ മുന്നോട്ടു നയിച്ച ഗുരുവിന്റെ ആശയങ്ങള്‍ക്ക് എന്നും പ്രസക്തിയുണ്ട്. വ്യത്യസ്ത ജനവിഭാഗങ്ങളെ ഇരുകൈകകളും നീട്ടി സ്വീകരിച്ച ബഹ്‌റൈന്‍ ഭരണാധികാരികള്‍ക്കും ജനതക്കും അവരുടെ സ്‌നേഹത്തിനും ആതിഥേയത്വത്തിനും ഒരിക്കല്‍ക്കൂടി നന്ദി പറയുകയാണെന്നും മുന്‍ രാഷ്ട്രപതി പറഞ്ഞു.
രക്ഷാധികാരി കെ.ജി. ബാബുരാജന്‍ അതിഥികളെ സ്വാഗതം ചെയ്തു. ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് ആല്‍ ഖലീഫ, കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ, ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് എന്നിവര്‍ സംസാരിച്ചു. എസ്.എന്‍.സി.എസ് പ്രസിഡന്റ് സുനീഷ് സുശീലന്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി (എസ്.എന്‍.സി.എസ്), ഗുരുദേവ സോഷ്യല്‍ സൊസൈറ്റി (ജി.എസ്.എസ്), ഗുരു സേവാ സമിതി (ബഹ്‌റൈന്‍ ബില്ലവാസ്) എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Content Highlights: ram nath kovind bahrain