ഇന്ത്യൻ സ്കൂൾ ഉടമസ്ഥാവകാശവും ഭരണവും രക്ഷിതാക്കളിൽ നിലനിർത്തണം: പി.പി.എ

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈന്റെ 75 വർഷത്തെ ചരിത്രത്തിൽ നിർണായക സ്ഥാനമാണ് 2026 ഡിസംബർ 11-ന് നടക്കാനിരിക്കുന്ന വാർഷിക ജനറൽ ബോഡിക്കും ഭരണസമിതി തിരഞ്ഞെടുപ്പിനും ഉള്ളത്. ഇന്ത്യൻ സ്കൂൾ ഒരു യഥാർത്ഥ കമ്മ്യൂണിറ്റി സ്കൂളായി, രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയും നിയന്ത്രണത്തോടെയും മുന്നോട്ടുപോകണമോ, അതോ സ്കൂളിന്റെ ഭരണപരവും ഉടമസ്ഥാവകാശപരവുമായ അധികാരങ്ങൾ ഏതാനും വ്യക്തികളിൽ മാത്രം കേന്ദ്രീകരിക്കപ്പെടണമോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലൂടെ രക്ഷിതാക്കൾക്ക് തീരുമാനിക്കാനുള്ളതെന്ന് പ്രോഗ്രസ്സീവ് പാനൽ അലയൻസ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2026 സെപ്റ്റംബർ 25-ന് നടന്ന അസാധാരണ പൊതുയോഗത്തിൽ ബഹ്റൈനിലെ നിയമങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കും അനുസൃതമായി പുതിയ ഭരണഘടനയ്ക്ക് അംഗീകാരം നൽകിയിരുന്നു. പഴയ ഭരണഘടനയിൽനിന്ന് പുതിയ ഭരണഘടനയിലേക്കുള്ള മാറ്റം സ്കൂളിന്റെ ഭാവി കൂടുതൽ സുതാര്യവും ജനാധിപത്യപരവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്.
പുതിയ ഭരണഘടനയിലെ പ്രധാന വ്യവസ്ഥകളെ വിമർശിക്കുന്നവർ തങ്ങളുടെ എതിർപ്പിന്റെ കാരണം വ്യക്തമായും വസ്തുനിഷ്ഠമായും വിശദീകരിക്കാൻ തയ്യാറാകണം. സ്കൂളിന് നിയമാനുസൃതമായി കൊമേഴ്സ്യൽ രജിസ്ട്രേഷൻ നേടുന്നതിനെയാണോ എതിർക്കുന്നത്? രക്ഷിതാക്കളല്ലാത്തവർക്ക് പേട്രൺ പദവിയിലൂടെ ഭരണസംവിധാനത്തിൽ സ്വാധീനം ചെലുത്താനുള്ള സാഹചര്യം ഒഴിവാക്കിയതിനെയാണോ എതിർക്കുന്നത്? ഇത്തരം സുപ്രധാന വ്യവസ്ഥകളിൽ ഏതൊക്കെയാണ് എതിർക്കുന്നതെന്ന് വിമർശകർ വ്യക്തമാക്കണം. വ്യക്തികളുടെ താൽപര്യങ്ങൾക്കപ്പുറം സ്കൂളിന്റെ ഭാവിയും രക്ഷിതാക്കളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
2015 മുതൽ 2026 വരെയുള്ള കാലയളവിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ അക്കാദമിക രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്.
ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിൽ 100 ശതമാനം വിജയം, സയൻസ് വിഭാഗത്തിൽ 96.49 ശതമാനം വിജയം. ഇതിനുപുറമെ, ബഹ്റൈൻ തലത്തിൽ പരീക്ഷകളിൽ നിരവധി വിദ്യാർഥികൾ മികച്ച റാങ്കുകളും മാർക്കുകളും നേടി.
പഠനത്തിനപ്പുറം സമഗ്രമായ വളർച്ച, അക്കാദമിക രംഗത്തെ നേട്ടങ്ങൾക്കൊപ്പം കായികം, കല, സാഹിത്യം, സാംസ്കാരിക പ്രവർത്തനങ്ങൾ, ശാസ്ത്ര-സാങ്കേതിക രംഗം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക സേവനം, നേതൃത്വപരിശീലനം തുടങ്ങിയ മേഖലകളിലും വിദ്യാർഥികൾ നിരവധി നേട്ടങ്ങൾ കൈവരിച്ചു.
വിദ്യാർഥികളുടെ അച്ചടക്കം, സ്കൂളിലെ മികച്ച പഠനാന്തരീക്ഷം, സാമ്പത്തിക അച്ചടക്കം എന്നിവ നിലനിർത്തുന്നതിനും ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളും നേട്ടങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തി, വ്യക്തിതാൽപര്യങ്ങൾക്കപ്പുറം സ്കൂളിന്റെ ദീർഘകാല താൽപര്യങ്ങൾക്കും രക്ഷിതാക്കളുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് വോട്ടവകാശം വിനിയോഗിക്കണമെന്ന് എല്ലാ രക്ഷിതാക്കളോടും അഭ്യർഥിച്ചു.
സന്തോഷ് ബാബു, അഷ്റഫ് കാട്ടിൽപീടിക, പ്രവീൺ നായർ, ബിനോജ് മാത്യു, ബിജു മലയിൽ, റിഷാന സാക്കിർ, ജാക്കീർ അലി, വല്ലം ബഷീർ, സർവ്വർഖാൻ, മുഹമ്മദ് ബിസാൽ. ഹരിദാസ് സി.വി, പ്രിൻസ് മാങ്ങാട്, രാജേഷ് കുമാർ, സി എസ്. സതീഷ് നായർ, സുമേഷ് ആനേരി, ഹക്കിം പാലക്കാട് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Pravasi News Bahrain