'ഓണം ഒരുമയോടെ 2026' വർണാഭമായി ആഘോഷിച്ചു

മനാമ: സൽമാബാദ് മലയാളികളുടെ കൂട്ടായ്മയായ ഒരുമ സൽമാബാദിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ''ഓണം ഒരുമയോടെ 2026'' ആഘോഷം സൽമാബാദിലെ ഇസ്മിർ ഹാളിൽ വർണാഭമായി നടന്നു. രാവിലെ 11.30-ന് ആരംഭിച്ച പരിപാടി വൈകിട്ട് 4 മണിയോടെ സമാപിച്ചു.

പ്രവാസജീവിതത്തിലും കേരളത്തിന്റെ തനതായ സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പങ്കുവെക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ പ്രദീപ് പുരവങ്കര മുഖ്യാതിഥിയായി പങ്കെടുത്തു. കെ. ടി. സലിം വിശിഷ്ടാതിഥിയായിരുന്നു.

ഓണത്തിന്റെ സമൃദ്ധിയും കേരളീയ പാരമ്പര്യത്തിന്റെ തനിമയും വിളിച്ചോതുന്ന വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ഏകദേശം 600 പേർക്കായി കേരളീയ രീതിയിലുള്ള ഓണസദ്യ ഒരുക്കിയത് ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.

പരസ്പര സ്‌നേഹവും സൗഹൃദവും പങ്കുവെച്ച് ഒത്തുചേർന്ന അംഗങ്ങൾക്കും കുടുംബങ്ങൾക്കും ആഘോഷം ഹൃദ്യമായ അനുഭവമായി. പത്തംഗ കോർ കമ്മിറ്റിയുടെ കൂട്ടായ പരിശ്രമവും സംഘാടന മികവും പരിപാടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

മലയാളികളുടെ ഐക്യവും സാംസ്‌കാരിക പൈതൃകവും ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ഓണം ഒരുമയോടെ 2026 സൽമാബാദിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഓണാനുഭവമായി.

Content Highlights: onam-orumayode-2026-salmanabad-celebrations