മന്ത്രി സജി ചെറിയാന്‍ നിയുക്ത ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു

മന്ത്രി സജി ചെറിയാനും നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും തമ്മില്‍ നടന്ന കൂടിക്കാഴ്ച
മന്ത്രി സജി ചെറിയാനും നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും തമ്മില്‍ നടന്ന കൂടിക്കാഴ്ച

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായി എത്തിയ കേരള സാംസ്‌ക്കാരിക മത്സ്യ ബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബിനെ സന്ദര്‍ശിച്ചു. സമുദ്ര തീരവും മത്സ്യബന്ധനവും സമാന സവിശേഷതകളായ കേരളവും ബഹ്‌റൈനും തമ്മില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പരസ്പര സഹകരണത്തിന് വലിയ സാധ്യതകള്‍ ഉണ്ടെന്നും ഈ വിഷയത്തില്‍ സഹകരിക്കാവുന്ന മേഖലകള്‍ കണ്ടെത്തി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ചും മന്ത്രി സജി ചെറിയാനും അംബാസഡര്‍  വിനോദ് കെ. ജേക്കബും തമ്മില്‍ ചര്‍ച്ച നടത്തി.

ഇന്ത്യയും സവിശേഷമായി കേരളവും ബഹ്‌റൈനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌ക്കാരിക വിനിമയത്തെ ബലപ്പെടുത്താനും രണ്ട് പ്രദേശത്തെയും സാംസ്‌ക്കാരിക തനിമകള്‍ പരിചയപ്പെടുത്താനുമുള്ള കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സ്‌കൂളുമായി ബന്ധപ്പെട്ട ടീച്ചര്‍മാരുടെ ചില ആശങ്കകള്‍ പരിഹരിക്കാനുള്ള അനുഭാവപൂര്‍ണ്ണമായ സമീപനത്തിന് ശ്രമിക്കണമെന്ന് നിയുക്ത ഇന്ത്യന്‍ സ്ഥാനപതിയുമായുള്ള ചര്‍ച്ചയില്‍ മന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ച മന്ത്രിയോടൊപ്പം കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ഉണ്ടായിരുന്നു.

Content Highlights: Minister Saji Cherian visited the Indian Ambassador-designate