മനുഷ്യക്കടത്തിനെതിരെ ശക്തമായ ദേശീയ പങ്കാളിത്തം വേണം- ബഹ്‌റൈൻ എൽഎംആർഎ മേധാവി

മനാമ: ബഹ്‌റൈനിലെ മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം സുസ്ഥിരമാക്കുന്നതിന് സർക്കാർ, സ്വകാര്യ മേഖല, സിവിൽ സമൂഹം, വ്യക്തികൾ എന്നിവർക്കിടയിൽ ശക്തമായ പങ്കാളിത്തം അനിവാര്യമാണെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മനുഷ്യക്കടത്ത് വിരുദ്ധ ദേശീയ സമിതി ചെയർമാനുമായ നിബ്രാസ് താലിബ്.
ദേശീയ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മൂന്നാമത് മനുഷ്യക്കടത്ത് വിരുദ്ധ ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, വിവിധ നയതന്ത്രജ്ഞർ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം സംസാരിച്ചത്.
ഫോറത്തിന്റെ ഭാഗമായി എൽഎംആർഎയുടെ 'റീജിയണൽ സെന്റർ ഫോർ ട്രെയിനിങ് ഇൻ പേഴ്സൺസ്' എന്ന പുതിയ ഐഡന്റിറ്റിക്ക് തുടക്കമിട്ടു. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി (ഐഒഎം) സഹകരിച്ച് ഗവേഷണം, മാർഗനിർദേശങ്ങൾ, ഇരകളുടെ സംരക്ഷണ പരിപാടികൾ എന്നിവ ഇതുവഴി വികസിപ്പിക്കും.
കൂടാതെ, മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടത്തിനായി ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ പ്രഖ്യാപിച്ച ശാസ്ത്രീയ ഗവേഷണ അവാർഡിനെ നിബ്രാസ് താലിബ് അഭിനന്ദിച്ചു. ഇത് ദേശീയ നയങ്ങളെ ശക്തിപ്പെടുത്തുന്നതിനും നൂതനമായ പ്രതിരോധ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാനമായ ചുവടുവെപ്പാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ മനുഷ്യക്കടത്ത് വിരുദ്ധ നടപടികൾ നിരന്തരം അവലോകനം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിനും നിയമപരമായ അവബോധം വളർത്തിയെടുക്കുന്നതിനും പങ്കിട്ട ഉത്തരവാദിത്തം ഫോറം ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനുമായി എൽഎംആർഎ ധാരണാപത്രം ഒപ്പിട്ടു. കൂടാതെ, മനുഷ്യക്കടത്തിനെതിരെ പോരാടുന്ന മികച്ച സ്വകാര്യ സ്ഥാപനങ്ങൾക്കായി പ്രത്യേക അവാർഡ് ഏർപ്പെടുത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങിൽ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ഉത്തമമായ തൊഴിലിട രീതികൾക്കും നേതൃത്വം നൽകിയ ബാപ്കോ റിഫൈനിങ്, അലുമിനിയം ബഹ്‌റൈൻ (ആൽബ), തലാബാത്ത് എന്നീ കമ്പനികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ആധുനിക സാങ്കേതികവിദ്യയിലൂടെ ഉയർന്നുവരുന്ന കടത്ത് വെല്ലുവിളികളെ നേരിടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് നിബ്രാസ് താലിബ് ഊന്നിപ്പറഞ്ഞു. ഈ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യക്കടത്ത് വിരുദ്ധ ദിനം സൈബർ കുറ്റകൃത്യങ്ങളിലൂടെയും ഓൺലൈൻ തട്ടിപ്പുകളിലൂടെയും ഇരകളെ ചൂഷണം ചെയ്യുന്നതിനെതിരെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള സർക്കാർ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Content Highlights: Emphasis on national partnership between government, private sector, and civil society., Launch of the 'Regional Centre for Training in Persons' in collaboration with IOM., Introduction of scientific research awards for anti-trafficking efforts., Recognition of private sector leaders like Bapco Refining, Alba, and Talabat., Focus on combating cyber-enabled human trafficking and online exploitation.