കോടിയേരി അനുസ്മരണം സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ

ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിച്ച കോടിയേരി അനുസ്മരണം
ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിച്ച കോടിയേരി അനുസ്മരണം

മനാമ: സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷിക ദിനത്തിൽ ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രതിഭ സെന്ററിൽ നടന്ന ചടങ്ങിൽ പ്രതിഭ മെമ്പർഷിപ്പ് സെക്രട്ടറി അനിൽ കെ.പി. കോടിയേരിയുടെ ജീവിതത്തെയും രാഷ്ട്രീയ- സാമൂഹിക- ഭരണനിർവഹണ സംഭാവനകളെയും ആസ്പദമാക്കി അനുസ്മരണ പ്രഭാഷണം നടത്തി.

പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി. അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സുലേഷ് വി.കെ. സ്വാഗതം ആശംസിച്ചു. രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ സമകാലീന വിഷയങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി.

പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, വനിതാ വേദി സെക്രട്ടറി സരിത മേലത്ത് എന്നിവർ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അനുസ്മരണ യോഗത്തിന് മുന്നോടിയായി പ്രതിഭാ സ്വരലയ ഗായകർ അവതരിപ്പിച്ച വിപ്ലവ സംഘഗാനവും അരങ്ങേറി. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സൗമ്യതയും ഉറച്ച സംഘടനാ നിലപാടുകളും ഒരുപോലെ സമ്മേളിച്ച അപൂർവം നേതാക്കളിലൊരാളായിരുന്നു കോടിയേരി ബാലകൃഷ്ണൻ. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലും ഐക്യവും ഭരണനേട്ടങ്ങളും ഉറപ്പുവരുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ഇന്നും രാഷ്ട്രീയ കേരളത്തിൽ ഏറെ പ്രസക്തമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Content Highlights: Bahrain Prathibha organized a commemoration event on the fourth death anniversary of former CPM State Secretary Kodiyeri Balakrishnan.