‘പ്രവാസി ക്ഷേമനിധി ആനുകൂല്യങ്ങൾ നിഷേധിക്കരുത്’; ചട്ടങ്ങളിൽ മാറ്റം ആവശ്യപ്പെട്ട് കെ.എം.സി.സി ബഹ്റൈൻ

മനാമ: കേരള പ്രവാസി ക്ഷേമനിധി ബോർഡിൽ വർഷങ്ങളായി അംഗങ്ങളായി അംശാദായം അടച്ചിട്ടും, പെൻഷൻ പ്രായമെത്തുമ്പോൾ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആനുകൂല്യം നിഷേധിക്കുന്ന നിലവിലെ സർക്കാർ സമീപനം അവസാനിപ്പിക്കണമെന്ന് കെ.എം.സി.സി ബഹ്റൈൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം തുടർനടപടികൾക്കായി ക്ഷേമനിധി ബോർഡിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് മറുപടി ലഭിച്ചതായും കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

രോഗം, തൊഴിൽ നഷ്ടം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാൽ ഏതാനും മാസങ്ങൾ അംശാദായം അടയ്ക്കാൻ കഴിയാതെ വന്ന നിരവധി പ്രവാസികൾ പിന്നീട് കുടിശ്ശികയും പിഴയും അടച്ച് അംഗത്വം പുതുക്കാൻ ശ്രമിക്കുമ്പോൾ അവർ പെൻഷന് അർഹരല്ലെന്ന് അറിയിക്കുന്ന സാഹചര്യം നിലവിലുണ്ട്. ഓൺലൈനിലൂടെ അംശാദായം അടയ്ക്കാൻ ശ്രമിക്കുമ്പോൾ ‘അംഗത്വം നഷ്ടപ്പെട്ടു’ എന്ന സന്ദേശമാണ് ലഭിക്കുന്നതെന്നും, 60 വയസ്സ് കഴിഞ്ഞാൽ അംഗത്വം പുനഃസ്ഥാപിക്കാനാകില്ലെന്ന നിലവിലെ ചട്ടം ആയിരക്കണക്കിന് പ്രവാസികളെ പെൻഷൻ ആനുകൂല്യങ്ങളിൽനിന്ന് അകറ്റുകയാണെന്നും കെ.എം.സി.സി ആരോപിച്ചു.

ജീവിതസാഹചര്യങ്ങൾ മൂലം അംശാദായം മുടങ്ങിയതിന്റെ പേരിൽ വർഷങ്ങളായി അടച്ച തുകയും പെൻഷൻ അവകാശവും ഒരുമിച്ച് നഷ്ടപ്പെടുത്തുന്നത് നീതിയല്ലെന്നാണ് പ്രവാസികളുടെ പരാതി. കുടിശ്ശികയും പിഴയും ഒരുമിച്ച് അടച്ച് അംഗത്വം നിലനിർത്താൻ അവസരം നൽകാതെ അംഗത്വം റദ്ദാക്കുന്ന രീതി പുനഃപരിശോധിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു.

59-ാം വയസ്സിൽ ക്ഷേമനിധിയിൽ അംഗമായ ഒരാൾ അഞ്ച് വർഷം പൂർത്തിയാക്കിയിട്ടും 64-ാം വയസ്സിൽ പെൻഷന് അർഹത നേടാൻ കഴിയാത്ത സാഹചര്യം യുക്തിരഹിതമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ക്ഷേമനിധിയിൽ അഞ്ച് വർഷം അംഗത്വം പൂർത്തിയാക്കിയവർക്ക് കുടിശ്ശികയും പിഴയും അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനും പെൻഷൻ ലഭ്യമാക്കാനും സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കെ.എം.സി.സി ബഹ്റൈൻ ആവശ്യപ്പെട്ടു.

Content Highlights: KMCC Bahrain petitions CM to reform pension eligibility rules., Expatriates denied pensions due to missed contributions caused by financial or health crises., Current rule prevents membership renewal after age 60., Demand to allow arrears payment and penalty settlement for those with 5 years of membership., Government has forwarded the representation to the Welfare Board for further action.