ഫിൻടെക് ഫോർവേർഡ് 2026-ൽ ബിയോണുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കെ.എഫ്.എച്ച്

മനാമ: ബിയോണുമായുള്ള കരാറിന് പിന്നാലെ സപ്ലൈ ചെയിൻ ഫിനാൻസ് പദ്ധതി ആരംഭിക്കുന്നതായി ഫിൻടെക് ഫോർവേർഡ് 2026-ൽ പ്രഖ്യാപിച്ച് കുവൈറ്റ് ഫിനാൻസ് ഹൗസ് (കെ.എഫ്.എച്ച്). പങ്കാളിത്തം ബിയോണിനും ആഭ്യന്തര- അന്താരാഷ്ട്ര വിതരണക്കാർക്കും ഡിജിറ്റൽ ധനസഹായ സേവനങ്ങൾ ലഭ്യമാക്കുന്നു. ഇത് പണലഭ്യത വർധിപ്പിക്കാനും, പ്രവർത്തന മൂലധനമാനേജ്മെന്റ് കാര്യക്ഷമമാക്കാനും, വിപണിയിലെ ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെയും സാമ്പത്തിക സ്ഥിരതയെയും പിന്തുണയ്ക്കാനും സഹായിക്കുന്നു. കെ.എഫ്.എച്ചിന്റെ ഡിജിറ്റൽ കോർപ്പറേറ്റ് ബാങ്കിങ് പ്ലാറ്റ്ഫോം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇടപാട് ആരംഭിക്കുന്നത് മുതൽ ഡീൽ ബുക്കിങ് വരെയുള്ള പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും കൈകാര്യം ചെയ്യാൻ വാങ്ങുന്നവർക്കും വിതരണക്കാർക്കും തടസ്സമില്ലാത്തതും പൂർണമായും ഡിജിറ്റൽ അനുഭവം നൽകുന്നു. മിനിറ്റുകൾക്കുള്ളിൽ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്ന സഹകരണ സംവിധാനമായാണ് സേവനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രവർത്തനക്ഷമതയും ബിസിനസ് ഉൾക്കാഴ്ചകളും മെച്ചപ്പെടുത്തുന്നതിനായി ഓട്ടോമേറ്റഡ് റിപ്പോർട്ടിങ്, നൂതന അനലിറ്റിക്‌സ് ടൂളുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാനും ബിസിനസ് വളർച്ചയെ പിന്തുണയ്ക്കാനും വിതരണ ശൃംഖലയുടെ കരുത്ത് വർധിപ്പിക്കാനും സഹായിക്കുന്നതിനാൽ പദ്ധതി പ്രയോജനകരമാണ്. ഒപ്പം, ആരോഗ്യകരമായ പ്രാദേശിക ബിസിനസ് അന്തരീക്ഷം വളർത്താനും ബിയോൺ- കെ.എഫ്.എച്ച് എന്നിവയുടെ പരിസ്ഥിതി, സാമൂഹിക, ഭരണ കാഴ്ചപ്പാടുകളുമായി ഒത്തുപോകാനും ഇത് സഹായിക്കുന്നു.
ബിയോണുമായുള്ള പദ്ധതിയുടെ ആരംഭം, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യത്തിനനുസരിച്ച് കാര്യക്ഷമതയും ഉപയോഗക്ഷമതയും ഒത്തുചേരുന്ന നൂതന ഡിജിറ്റൽ സേവനങ്ങളിലൂടെ കോർപ്പറേറ്റ് ബാങ്കിങ് സേവനങ്ങൾ തുടർച്ചയായി വികസിപ്പിക്കുക എന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് കെ.എഫ്.എച്ച്. കോർപ്പറേറ്റ് ബാങ്കിങ് വിഭാഗം ഡെപ്യൂട്ടി ഗ്രൂപ്പ് സി.ഇ.ഒ. മുഹമ്മദ് അസിം പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ച് സംയോജിത ഇടപാട് ബാങ്കിങ് സംവിധാനം വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയെ സഹകരണം വ്യക്തമാക്കുന്നു. അതുവഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും കോർപ്പറേറ്റ് മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റാനും സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എഫ്.എച്ചുമായി സഹകരിച്ച് പ്രോഗ്രാം ആരംഭിക്കുന്നത്, പേയ്മെന്റ് മാനേജ്മെന്റ് പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിലും കൂടുതൽ സൗകര്യപ്രദമായ മാർഗങ്ങൾ വാഗ്ദാനം ചെയ്തു വിതരണക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും സുപ്രധാന ചുവടുവയ്പ്പാണെന്ന് കരാർ ഒപ്പിട്ടതിനെത്തുടർന്ന്, ബിയോൺ ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ റീം അൽതാജർ പറഞ്ഞു. പേയ്മെന്റ് നടപടിക്രമങ്ങൾ ലളിതമാക്കുമെന്നും, ചെറുകിട- ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള വിതരണ ശൃംഖലയിലുടനീളം ഇടപാടുകളുടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: KFH partnered with Beyon at Fintech Forward 2026 to launch a supply chain finance program