ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം ആര്‍എസ്എസ്-സിപിഎം ബാന്ധവത്തിനേറ്റ തിരിച്ചടി: ഐവൈസിസി

.
.

മനാമ: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതോടെ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ വെളിപ്പെടുത്തിയ ആര്‍ എസ് എസ്-സിപിഎം ബാന്ധവമടക്കം ജനങ്ങള്‍ക്ക് മനസിലായെന്നും ഭരണവിരുദ്ധ വികാരം പൂര്‍ണമായും വെളിപ്പെട്ട സാഹചര്യത്തില്‍ യു.ഡി.എഫ് സംവിധാനത്തിന്റെ ചിട്ടയായ പ്രവര്‍ത്തങ്ങള്‍ക്ക് ജനം നല്‍കിയ അംഗീകാരം കൂടിയാണ് ഈ വിജയമെന്നും ഐ.വൈ.സി.സി ബഹ്റൈന്‍ അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍ സര്‍ക്കാര്‍ സംഘപരിവാര അനുകൂല നിലപാട് സ്വീകരിച്ചു കൊണ്ടാണ് നാളിത് വരെ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് പകല്‍ പോലെ വ്യക്തമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ അത് വെളിപ്പെടുത്തുന്ന നിലയില്‍ പ്രസ്താവന നടത്തിയത് അതീവ ഗൗരവകരമാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് ഒത്താശ പാടി സ്വന്തം പേരിലും, കുടുംബപേരിലുമുള്ള സാമ്പത്തിക കേസുകള്‍ ഉള്‍പ്പെടെ ഇല്ലായ്മ ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അത് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ പിണറായി വിജയന്‍ ജനങ്ങളെയും, നാടിനെയും വഞ്ചിക്കുന്നതിന് തുല്യമാണ്. സിപിഎം-ഇടതു മുന്നണി സംവിധാനങ്ങള്‍ ഇതിനു ഒത്താശ പാടുന്ന രീതികളാണ് സ്വീകരിച്ചു പോവുന്നത്. ജനവിധി മാനിച്ചു മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറാവണം. മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല.

വടകരയിലെ കാഫിര്‍ വിവാദ സ്‌ക്രീന്‌ഷോട്ടും, പാലക്കാട് പെട്ടി വിവാദവും സിപിഎം-ബിജെപി കൂട്ടുകെട്ട് ഒന്നായതിന്റെ പരിണിത ഫലം ആയിരുന്നു. അവിടെയുള്ള ജനങ്ങള്‍ അത് മനസ്സിലാക്കി യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചു. അതിന്റ തനിയാവര്‍ത്തനം കൂടിയാണ് നിലമ്പൂരിലെ ജനങ്ങള്‍ ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിച്ചതിലൂടെ പറഞ്ഞു വെക്കുന്നത്. എംവി ഗോവിന്ദന്‍ പറഞ്ഞ സിപിഎം-ബിജെപി ബന്ധം വിശ്വസിക്കാന്‍ തയ്യാറാവാത്ത സിപിഎം പ്രവര്‍ത്തകരും നേതാക്കളും ബിജെപി നേതാവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തത് വിരോധാഭാസമാണ്. സ്വന്തം സെക്രട്ടറിയുടെ വാക്കിനെക്കാളും അവര്‍ക്ക് പ്രിയം ബിജെപി നേതാവിന്റെ പ്രസ്താവനയാണ്. ആര്യാടന്‍ ഷൗക്കത്തിനെ വിജയിപ്പിച്ച നിലമ്പൂരിലെ ജനങ്ങള്‍ക്ക് സംഘടന നന്ദി പറഞ്ഞു. വരുന്ന തൃതല, നിയമസഭ ഇലക്ഷനില്‍ കോണ്‍ഗ്രസ്-യു.ഡി.എഫ് മുന്നണി മികച്ച വിജയം കരസ്തമാക്കി മുന്നോട്ടു വരുമെന്നും ഐ.വൈ.സി.സി ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

Content Highlights: iycc bahrain