ബഹ്റൈനിൽ താമസ-വിനോദസഞ്ചാര കേന്ദ്രമൊരുക്കാൻ ഇൻഫ്രാകോർപ്പും നോബുവും കൈകോർക്കുന്നു

മനാമ: റീഫ് ഐലൻഡിലെ മറീന ബേയിൽ ആഡംബര ഹോസ്പിറ്റാലിറ്റി-ഡൈനിംഗ് ബ്രാൻഡായ 'നോബു'വിന്റെ പുതിയ കേന്ദ്രം വികസിപ്പിക്കുന്നതിനായി ഇൻഫ്രാകോർപ്പും നോബു ഹോസ്പിറ്റാലിറ്റിയും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. മനാമയിലെ ഇൻഫ്രാകോർപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹ്റൈൻ ടൂറിസം മന്ത്രിയും ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചെയർപേഴ്സണുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി സന്നിഹിതയായിരുന്നു.
ഇൻഫ്രാകോർപ്പ് സിഇഒ തലാൽ അൽ മഹ്റൂസും നോബു ഹോസ്പിറ്റാലിറ്റി സിഇഒ ട്രെവർ ഹോർവെല്ലുമാണ് കരാറിൽ ഒപ്പുവെച്ചത്. ആഗോളതലത്തിൽ പ്രശസ്തമായ നോബു ബ്രാൻഡിന്റെ ബഹ്റൈനിലേക്കുള്ള ആദ്യ കടന്നുവരവാണിത്.
ഏകദേശം 51,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കടൽത്തീരത്തോട് ചേർന്ന് നിർമ്മിക്കുന്ന പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകും.നോബു ഹോട്ടൽ, പ്രത്യേക റെസ്റ്റോറന്റ്, ആഡംബര താമസ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ കേന്ദ്രം മികച്ച ഭക്ഷണാനുഭവവും തീരദേശ ജീവിതശൈലിയും ഒത്തുചേരുന്ന ഒരിടമായിരിക്കും.
സർക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം ബഹ്റൈന്റെ ടൂറിസം തന്ത്രത്തിന്റെ പ്രധാന ഭാഗമാണെന്നും അന്താരാഷ്ട്ര ബ്രാൻഡുകളെ രാജ്യത്തേക്ക് ആകർഷിക്കാൻ ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡുമായി (EDB) ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞു.
മികച്ച ആതിഥ്യമര്യാദയും ഡിസൈനും ഒത്തുചേരുന്ന സവിശേഷമായ തീരദേശ ഇടങ്ങൾ സൃഷ്ടിക്കാനുള്ള ലക്ഷ്യത്തെയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതെന്ന് ഇൻഫ്രാകോർപ്പ് സിഇഒ തലാൽ അൽ മഹ്റൂസ് വ്യക്തമാക്കി. പുതിയ നിക്ഷേപങ്ങളിലൂടെയും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളിലൂടെയും ബഹ്റൈന്റെ വിനോദസഞ്ചാര മേഖല കൂടുതൽ വൈവിധ്യവൽക്കരിക്കപ്പെടുകയാണ്.