ഐവൈസിസി 'സത്യ സേവാ സംഘര്‍ഷ്' വെള്ളിയാഴ്ച

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐവൈസിസി ബഹ്റൈന്‍) മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന 'സത്യ സേവ സംഘര്‍ഷി'ന്റെ ഭാഗമായി പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് മനാമ എക്‌സ്പ്രസ് സ്റ്റേഷന്‍ റെസ്റ്റോറന്റിലാണ് പരിപാടികള്‍ നടക്കുന്നത്. 'ലീഡ് ഐവൈസിസി സത്യ സേവാ സംഘര്‍ഷ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും ക്യാമ്പ് വേദിയാകും. ഐവൈസിസി ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ് അടക്കമുള്ള ബഹ്റൈനിലെ സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബഹ്റൈനിലെ പ്രധാനനേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ക്യാമ്പിലേക്ക് ഐവൈസിസിയുടെ എല്ലാ പ്രവര്‍ത്തകരെയും അനുഭാവികളെയും യുവജനങ്ങളെയും ക്ഷണിക്കുന്നതായി ഐവൈസിസി ബഹ്റൈന്‍ മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളം, സെക്രട്ടറി ഷിജില്‍ പെരുമച്ചേരി, ട്രഷറര്‍ ഹാരിസ് മാവൂര്‍ എന്നിവര്‍ അറിയിച്ചു.

Content Highlights: Indian Youth cultural Congress Bahrain`s Manama Area Committee celebrates its foundation day