ബഹ്റൈനിലെ തൊഴിലാളികൾക്ക് സന്തോഷം പകർന്ന് ഐ.സി.ആർ.എഫ് ബഹ്റൈൻ.

മനാമ:ബഹ്റൈനിലെ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് സന്തോഷവും അംഗീകാരവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ 'വർക്കേഴ്‌സ് ഡേ' (തൊഴിലാളികളുടെ ദിനം) സംഘടിപ്പിച്ചു. തൊഴിലാളികൾക്ക് ഉന്മേഷം നൽകുന്നതിനും ആഘോഷപൂർണ്ണമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഒപ്പം, അവർക്കായി ലഭ്യമായ വിവിധ സാമൂഹിക പിന്തുണ സംവിധാനങ്ങളെക്കുറിച്ച് അവബോധം നൽകാനും ഈ പരിപാടി ലക്ഷ്യമിട്ടു.

ഇന്ത്യൻ ക്ലബ് ബഹ്റൈൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ, ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 550-ഓളം തൊഴിലാളികൾ ഒത്തുചേർന്നു. ആഘോഷവും അറിവും ഒത്തൊരുമയും നിറഞ്ഞതായിരുന്നു സായാഹ്നം. ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ സദസ്സിനെ സ്വാഗതം ചെയ്തു. ഐ.സി.ആർ.എഫ് ബഹ്റൈൻ ചെയർമാൻ അഡ്വ. വി.കെ. തോമസ് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡോ. ബാബു രാമചന്ദ്രൻ, ഫ്രീഡ സെക്വേര എന്നിവരുടെ നേതൃത്വത്തിൽ 'അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ' അവതരിപ്പിച്ച സി.പി.ആർപരിശീലനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ചിന്നസാമിയുടെ നേതൃത്വത്തിൽ നടന്ന 'ലാഫ്റ്റർ യോഗ', വേദിയിൽ സന്തോഷവും പോസിറ്റീവ് ഊർജ്ജവും നിറച്ചു.

പിന്നീട്, തൊഴിലാളികൾ തന്നെ വേദിയിലെത്തി ഊർജ്ജസ്വലമായ നൃത്ത-ഗാന പരിപാടികളും കായിക വിനോദങ്ങളും അവതരിപ്പിച്ചു. ഇതോടെ ഈ ഒത്തുചേരൽ, കഴിവുകളുടെയും സൗഹൃദത്തിന്റെയും വർണ്ണാഭമായ ആഘോഷമായി മാറി. എൽ.എം.ആർ.എ പാർട്ണർഷിപ്പ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടർ ഫഹദ് അബ്ദുൽ അസീസ് അൽ ബിൻ അലി, തൊഴിൽ മന്ത്രാലയത്തിലെ സീനിയർ ഒക്യുപേഷണൽ സേഫ്റ്റി എൻജിനീയർ ഹുസൈൻ അൽ ഹുസൈനി, പരിപാടിയുടെ പ്രധാന സ്‌പോൺസർമാരായ 'പ്രോറ്റിവിറ്റി ബഹ്‌റിന്റെ മാനേജിംഗ് ഡയറക്ടർമാരായ ദർശൻ മേത്ത, ഗൗരവ് മേത്ത എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ഈ സായാഹ്നത്തിലെ ഏറ്റവും ഹൃദ്യമായ നിമിഷങ്ങളിലൊന്ന്, ഒക്ടോബര് മാസത്തിൽ ജന്മദിനം വരുന്ന തൊഴിലാളികൾക്കായി നടത്തിയ ആഘോഷമായിരുന്നു. വിശിഷ്ടാതിഥികൾക്കും ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസിനുമൊപ്പം അവർ കേക്ക് മുറിച്ചു. ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ഉപദേഷ്ടാക്കളായ ഡോ. ബാബു രാമചന്ദ്രൻ, അരുൾദാസ് തോമസ്, ജോയിന്റ് സെക്രട്ടറിമാരായ സുരേഷ് ബാബു, ജവാദ് പാഷ, ട്രഷറർ ഉദയ് ഷാൻഭാഗ്, കൺവീനർ രാജീവൻ സി. കെ. എന്നിവരും; സുബൈർ കണ്ണൂർ, നാസ്സർ മഞ്ചേരി, ഫൈസൽ മടപ്പള്ളി, ദേവദാസ്, ദിലീപ് ഭാട്ടിയ, നൗഷാദ്, മുരളീകൃഷ്ണൻ, സുനിൽ കുമാർ, കെ. ടി. സലീം, ക്ലിഫ്ഫോർഡ്, അനു ജോസ്, കല്പന പാട്ടീൽ, നിമ്മി റോഷൻ, ശ്യാമള, ആരതി അഗർവാൾ, രാജേശ്വരി, ഹേമലത സിംഗ്, രാജി മുരളി, റെയ്‌ന കൊറിയ തുടങ്ങിയ നിരവധി സന്നദ്ധപ്രവർത്തകരും ചേർന്ന് ഈ പരിപാടിയെ അവിസ്മരണീയമാക്കി.

വിവിധ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് മെഡലുകൾ സമ്മാനിച്ചു. കൂടാതെ, ഭാഗ്യശാലിയായ ഒരു മത്സരാർത്ഥിക്ക് ഇൻഡിഗോ സ്‌പോൺസർ ചെയ്ത ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റും ലഭിച്ചു. പങ്കെടുത്ത എല്ലാവർക്കും സമ്മാനപ്പൊതികളും നൽകി; എല്ലാവരും തങ്ങളെ ആദരിച്ചതിന്റെ സന്തോഷവുമായി മടങ്ങി.