സുരക്ഷയും സുസ്ഥിരതയും ലക്ഷ്യം; മനാമയിൽ ജിസിസി-യുഎസ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

#അശോക് കുമാർ
ജിസിസി-യുഎസ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച
ജിസിസി-യുഎസ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

മനാമ: ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മനാമയിൽ ഉന്നതതല മന്ത്രിതല ചർച്ച നടന്നു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകി.

ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവിയും യോഗത്തിൽ സംബന്ധിച്ചു. ബഹ്‌റൈൻ രാജാവിന്റെയും കിരീടാവകാശിയായ പ്രധാനമന്ത്രിയുടെയും ആശംസകൾ അറിയിച്ചുകൊണ്ടാണ് ഡോ. അൽ സയാനി ചർച്ചകൾക്ക് തുടക്കമിട്ടത്.

അടുത്തിടെ മേഖലയിലുണ്ടായ ആക്രമണങ്ങൾ ജനങ്ങളുടെ സമാധാനം കെടുത്തിയെന്നും രാജ്യങ്ങളുടെ പ്രതിരോധ ശേഷിയെ പരീക്ഷിച്ചുവെന്നും ഡോ. അൽ സയാനി ചൂണ്ടിക്കാട്ടി. ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനും വരുംതലമുറയ്ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കാനും അന്താരാഷ്ട്ര പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജിസിസിയിലെ ഏത് രാജ്യത്തിനെതിരെ ഭീഷണി ഉണ്ടായാലും അത് എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള ബഹ്‌റൈന്റെ സൗഹൃദവും പുതിയ സുരക്ഷാ കരാറുകളും രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്കും സാങ്കേതിക വികസനത്തിനും സഹായമാകുമെന്ന് അദ്ദേഹം പറഞ്ഞു.

മേഖലയിൽ യഥാർഥ സുരക്ഷ ഉണ്ടാകണമെങ്കിൽ ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കുന്നത് നിർത്തണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ അവസാനിപ്പിക്കുകയും മറ്റ് സംഘങ്ങൾക്കുള്ള പിന്തുണ നിർത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ഡോ. അൽ സയാനി പറഞ്ഞു. കൂടാതെ സിറിയ, ലെബനൻ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനും ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്കും ജിസിസി പൂർണ പിന്തുണ അറിയിച്ചു.

ജിസിസി രാജ്യങ്ങളുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സൗഹൃദം ലോകത്തിന്റെ സുരക്ഷയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഏത് ഉടമ്പടിയുണ്ടായാലും അത് വിശ്വസനീയമായിരിക്കണമെന്നും കൃത്യമായി പാലിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കടൽപാതകൾ എല്ലാവർക്കുമായി തുറന്നിടണമെന്നും ആർക്കും അവിടെ തടസ്സങ്ങൾ ഉണ്ടാക്കാനോ നിയമവിരുദ്ധമായി ഫീസ് ഈടാക്കാനോ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Strategic ministerial meeting between GCC and US in Manama., Focus on regional security, defense, and maritime navigation freedom., Call for Iran to adhere to international obligations regarding nuclear and drone threats., Commitment to stability in Syria, Lebanon, and peace efforts in Gaza., Emphasis on the historical and essential nature of the GCC-US alliance.