നാട്ടോര്‍മ്മകള്‍ക്ക് പൊലിമയേകി ഇടപ്പാളയം മെഹന്തി നൈറ്റ്

ഇടപ്പാളയം കുടുംബാംഗങ്ങള്‍ ബലിപെരുന്നാളിന് മുന്നോടിയായി സംഘടിപ്പിച്ച 'മെഹന്തി നൈറ്റ്'
ഇടപ്പാളയം കുടുംബാംഗങ്ങള്‍ ബലിപെരുന്നാളിന് മുന്നോടിയായി സംഘടിപ്പിച്ച 'മെഹന്തി നൈറ്റ്'

മനാമ: പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും നാട്ടോര്‍മ്മകള്‍ക്ക് പൊലിമയേകി ഒരുമയുടെ സംഗമം. നാടിന്റെ സ്‌നേഹവും പെരുന്നാളിന്റെ ആഹ്ലാദവും കൈവിടാതെ ഇടപ്പാളയം കുടുംബാംഗങ്ങള്‍ ബലിപെരുന്നാളിന് മുന്നോടിയായി സംഘടിപ്പിച്ച 'മെഹന്തി നൈറ്റ്' ആഘോഷരാവ് വന്‍വിജയമായി സമാപിച്ചു. സെഗയയിലെ ഫിനിക്‌സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ കുടുംബാംഗങ്ങളുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി.

ഹൃദയങ്ങളെ കീഴടക്കിയ താളവിസ്മയം തീര്‍ത്തുകൊണ്ട്, ഇടപ്പാളയം ടീമിന്റെ പരമ്പരാഗത മുട്ടിപ്പാട്ട് ആഘോഷരാവിനെ കൂടുതല്‍ വര്‍ണ്ണാഭമാക്കി. ഒപ്പന, കോല്‍ക്കളി എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളായി. ഓരോ പ്രകടനവും കാണികളില്‍ ആവേശം നിറയ്ക്കുകയും മനസ്സില്‍ മായാതെ നില്‍ക്കുന്ന നാട്ടിലെ പെരുന്നാള്‍ കാലം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ സദസ്സിന്റെ കയ്യടി നേടി. മൈലാഞ്ചി അണിയുന്നതിനുള്ള സൗകര്യവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. ഇത് പെരുന്നാള്‍ രാവിന്റെ തനിമ വര്‍ദ്ധിപ്പിച്ചു.

മൈലാഞ്ചിമണമുള്ള ഓരോ നിമിഷവും, പ്രിയപ്പെട്ട നാട്ടുകാരോടൊത്തുള്ള പെരുന്നാള്‍ രാവും ഗൃഹാതുരത്വമുണര്‍ത്തുന്ന മധുര സ്മരണകള്‍ സമ്മാനിച്ചു. ഇടപ്പാളയം ലേഡീസ് & കള്‍ച്ചറല്‍ വിംഗിന്റെയും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ഷിറിന്‍, ഐശ്വര്യ എന്നിവരുടെയും നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ പരിപാടിയെ ഇത്രയും ഹൃദ്യമാക്കിയത്. മനോഹരമായ മെഹന്തി നൈറ്റ് ഒരു അവിസ്മരണീയ സായാഹ്നമായി എല്ലാവരുടെയും ഓര്‍മ്മകളില്‍ എന്നും തങ്ങിനില്‍ക്കുമെന്ന് പങ്കെടുത്തവര്‍ ഒരേ മനസ്സോടെ അഭിപ്രായപ്പെട്ടു.

Content Highlights: Edappalayam mehndi night