മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് ഭാഷാ സമരം പ്രധാന പങ്കുവഹിച്ചു -ശരീഫ് കുറ്റൂർ

മനാമ: മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നമനത്തിന് ഭാഷാ സമരം നിർണായകമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും പ്രമുഖ വാഗ്മിയുമായ ശരീഫ് കുറ്റൂർ അഭിപ്രായപ്പെട്ടു. കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1980-ൽ കേരളം ഭരിച്ചിരുന്ന നായനാർ സർക്കാർ അറബി, ഉർദു, സംസ്‌കൃതം ഭാഷകൾക്കെതിരെ കൊണ്ടുവന്ന നടപടികൾ അന്ന് പ്രാബല്യത്തിൽ വന്നിരുന്നുവെങ്കിൽ മുസ്‌ലിം സമുദായം ഇന്ന് കൈവരിച്ചിരിക്കുന്ന വിദ്യാഭ്യാസ പുരോഗതി സാധ്യമാകുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാ സമരത്തിന്റെ വിജയമാണ് വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിനും പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ ലഭിക്കുന്നതിനും വഴിയൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾക്ക് എന്നും ഊർജ്ജവും പ്രചോദനവുമായാണ് ഭാഷാ സമരത്തെ ചരിത്രം രേഖപ്പെടുത്തുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ പറഞ്ഞു. ഭാഷയ്ക്കും വിദ്യാഭ്യാസ അവകാശങ്ങൾക്കും വേണ്ടി പോരാടിയ ധീരസമര സേനാനികളുടെ ത്യാഗങ്ങൾ പുതിയ തലമുറയ്ക്ക് മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കിയ സപ്ലിമെന്റ് ജില്ലാ ട്രഷറർ ഫാറൂഖ് കൊണ്ടോട്ടി പ്രകാശനം ചെയ്തു, കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ട്രഷറർ കെ പി മുസ്തഫ, വി എച് അബ്ദുള്ള എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ, ഭാരവാഹികളായ ഷഹിൻ താനാളൂർ, മുജീബ് ആഡ്‌വെൽ, മൊയ്ദീൻ മീനാർകുഴി ,ശിഹാബ് പൊന്നാനി, ജാസിർ തിരൂർ എന്നിവർ നേതൃത്വം കൊടുത്ത പരിപാടിയിൽ ശരീഫ് കുറ്റൂരിന് കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ മെമെന്റോ നൽകി ആദരിച്ചു. മലപ്പുറം ജില്ലാ കെഎംസിസിയുടെ ബിസിനസ്സ് എക്‌സലൻസ് അവാർഡ് ദാറുൽ മുന കുഞ്ഞഹമ്മദിന് നൽകി ആദരിച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകരായ ശിഫ അൽ ജസിറ ഹോസ്പിറ്റലിനുള്ള ഉപഹാരം ചെയർമാൻ സഹീദ് ഉമ്മറിന് കൈമാറി. ജില്ലാ ഓർഗനൈസിങ് സെക്രട്ടറി വി. കെ. റിയാസ് സ്വാഗതവും ഉമർ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
Content Highlights: Addressing the Bhasha Samaram remembrance meet organized by KMCC Bahrain Malappuram District Committee in Manama, Muslim Youth League Malappuram District President Shareef Kuttoor highlighted that the 1980 language movement was decisive in securing educational advancement and higher opportunities for the Muslim community.