ബഹ്റൈൻ ടോപ് സിംഗറിനും 'അരങ്ങേറ്റം 2026'-നും സംഘാടകസമിതികൾ

മനാമ: ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ബഹ്റൈൻ ടോപ് സിംഗർ' സംഗീതമത്സരത്തിന്റെയും 'അരങ്ങേറ്റം 2026' കുട്ടികളുടെ നാടകമത്സരത്തിന്റെയും വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതികൾ രൂപീകരിച്ചു. ഇതിന്റെ ഭാഗമായി സൽമാനിയയിലെ പ്രതിഭ സെന്ററിൽ സംഘാടകസമിതി രൂപീകരണയോഗം ചേർന്നു.

പ്രതിഭ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മഹേഷ് കെ.വി. അധ്യക്ഷത വഹിച്ചു. ജ്രനറൽ സെക്രട്ടറി സുലേഷ് വി.കെ. ഇരു പരിപാടികളുടെയും സംഘാടക സമിതി പാനലുകൾ അവതരിപ്പിക്കുകയും മത്സരങ്ങളുടെ ലക്ഷ്യങ്ങളും നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിക്കുകയും ചെയ്തു. 'ബഹ്റൈൻ ടോപ് സിംഗർ' സംഗീതമത്സരത്തിന്റെ ഡിജിറ്റൽ ലോഗോ മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ പ്രകാശനം ചെയ്തു.

രക്ഷാധികാരി സമിതി അംഗങ്ങളായ ഷീബ രാജീവൻ, എൻ.കെ. വീരമണി, ലിവിൻ കുമാർ, കെ.എം. സതീഷ്, ഷീജ വീരമണി, രാജേഷ് ആറ്റടപ്പ, ജോയിന്റ് സെക്രട്ടറി നിരൺ സുബ്രഹ്‌മണ്യൻ എന്നിവർ പ്രസംഗിച്ചു.

'ബഹ്റൈൻ ടോപ് സിംഗർ' സംഘാടകസമിതി ചെയർമാനായി ഗിരീഷ് മോഹനനെയും വൈസ് ചെയർപേഴ്‌സണായി ഷീബ രാജീവനെയും ജനറൽ കൺവീനറായി ഷിജു പിണറായിയെയും സാമ്പത്തിക കൺവീനറായി നുബിൻ അൻസാരിയെയും തെരഞ്ഞെടുത്തു. 'അരങ്ങേറ്റം 2026' നാടകമത്സര സംഘാടകസമിതി ചെയർമാനായി എൻ.കെ. വീരമണിയെയും ജനറൽ കൺവീനറായി മിജോഷ് മോറാഴയെയും സാമ്പത്തിക കൺവീനറായി അനിൽ കെ.പി.യെയും തെരഞ്ഞെടുത്തു.

കുട്ടികളുടെ സർഗാത്മകതയ്ക്കും അഭിനയമികവിനും വേദിയൊരുക്കുന്ന 'അരങ്ങേറ്റം 2026' ഡിസംബർ 18-ന് അരങ്ങേറും. സംഗീതപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബഹ്റൈൻ ടോപ് സിംഗർ' ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലായി വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

വാർത്ത അയച്ചത്: അശോക് കുമാർ

Content Highlights: Organizing committees formed for Bahrain Top Singer and Arangettam 2026, Digital logo for Bahrain Top Singer launched by Chief Patron Binu Mannil, Arangettam 2026 scheduled for December 18, Bahrain Top Singer to be held across multiple phases from December to February