ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യയനം ഓണ്‍ലൈനിലാക്കാന്‍ നിര്‍ദേശം

#അശോക് കുമാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മനാമ:  ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. മുന്‍കരുതല്‍ നടപടിയായി പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ സജീവമാക്കാന്‍ കിന്റര്‍ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ നല്‍കി.

അന്വേഷണങ്ങള്‍ നടത്താനോ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പിന്തുണ ലഭിക്കാനോ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാഭ്യാസ സ്ഥാപന ത്തിനും പതിവ് രീതി അനുസരിച്ച് നിലവിലുള്ള ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ വഴി മന്ത്രാലയെത്തയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെയും ബന്ധപ്പെടാമെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

പ്രാദേശിക സാഹചര്യങ്ങളുടെയും നിലവിലെ സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തില്‍ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഏജന്‍സികളിലും 70% വര്‍ക്ക് ഫ്രം ഹോം ശേഷിയുള്ള ഒരുറിമോട്ട് വര്‍ക്കിംഗ് സിസ്റ്റം സജീവമാക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ പ്രഖ്യാപിച്ചു. ശാരീരിക സാന്നിധ്യം അത്യാവശ്യമായതോ അടിയന്തര സാഹചര്യങ്ങള്‍ക്കായി പ്രത്യേക നടപടിക്രമങ്ങള്‍ ഉള്ളതോ ആയ മേഖലകളെ ഇതില്‍നിന്ന് ഒഴിവാക്കി. 

ഇതിനിടെ, പൊതുസുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള മുന്‍കരുതല്‍ സിവില്‍ പ്രൊട്ടക്ഷന്‍ നടപടികളുടെ ഭാഗമായി, MyGov ആപ്പില്‍ ലഭ്യമായ അലേര്‍ട്ട്, സൈറണ്‍ ഫീച്ചര്‍ സജീവമാക്കാന്‍ ഇന്‍ഫര്‍മേഷന്‍ & ഇ-ഗവണ്‍മെന്റ് അതോറിറ്റി എല്ലാ പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. അടിയ ന്തര ഘട്ടങ്ങളില്‍ പ്രസക്തമായ ഔദ്യോഗിക അധികാരികള്‍ പുറപ്പെടുവിക്കുന്ന അറിയിപ്പുകള്‍ പൊതുജനങ്ങളിലേക്ക്എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ സവിശേഷത ലക്ഷ്യമിടുന്നത്.

ഈ സേവനത്തിന്റെ പ്രയോജനം നേടുന്നതിന് iOS, Android, Huawei ഉപകരണങ്ങളിലെ ഔദ്യോഗിക സ്റ്റോറുകള്‍ വഴി ഉപയോക്താക്കള്‍ MyGov ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നും ആപ്പിന്റെ ക്രമീകരണങ്ങളില്‍ ''പൊതു അറിയിപ്പുകള്‍'' ഓപ്ഷന്‍ സജീവമാക്കണമെന്നും വിശദീകരിച്ചു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും baharain.bh/apps എന്ന വിലാസത്തില്‍ EGoverment ആപ്പ് സ്റ്റോര്‍ സന്ദര്‍ശിച്ച് MyGov ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Content Highlights: Bahrain`s education ministry mandates digital platforms for schools due to Israel-Iran conflict.