ബഹ്‌റൈന്‍ പ്രതിഭ 2025ലെ അന്തര്‍ദേശീയ നാടക പുരസ്‌കാരത്തിനായുള്ള സൃഷ്ടികള്‍ ക്ഷണിക്കുന്നു

മനാമ: ബഹ്റൈനിലെ കലാ സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ നാല് ദശകത്തിലേറെയായി പുത്തന്‍ സങ്കേതങ്ങളിലൂടെയും മികച്ച സംഘാടനത്തിലൂടെയും നവീനവും വ്യത്യസ്തവുമായ നിരവധി നാടകാനുഭവങ്ങള്‍ ബഹ്റൈന്‍ നാടക ലോകത്തിന് സമ്മാനിച്ച പുരോഗമന കലാ കായിക സാംസ്‌കാരിക-ജീവകാരുണ്യ സംഘടനയായ ബഹ്റൈന്‍ പ്രതിഭയുടെ 'പ്രതിഭ അന്തര്‍ ദേശീയ നാടക പുരസ്‌കാരം 2025' നുള്ള രചനകള്‍ ക്ഷണിച്ചു. രചയിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരായിരിക്കണം. ലോകത്തില്‍ എവിടെ താമസിക്കുന്നവര്‍ക്കും പങ്കെടുക്കാവുന്നതാണ്. 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും, പപ്പന്‍ ചിരന്തന സ്മാരക ഫലകവും, കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജൂറിയാണ് രചനകള്‍ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഒരു മണിക്കൂര്‍ വരെ അവതരണ ദൈര്‍ഘ്യം വരാവുന്ന, 2024 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക.
നാടക രചനകള്‍ 2025 ആഗസ്ത് 15 നുള്ളില്‍ bpdramaawards@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. നാടക രചനയില്‍ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകാന്‍ പാടുള്ളതല്ല. രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും (പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണെന്ന് പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണില്‍, നാടക വേദി കണ്‍വീനര്‍ അശോകന്‍ എന്‍.കെ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Content Highlights: Bahrain's Prabatiha International Drama Award 2025: Call for Entries from Indian Playwrights