നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം: ഇടതുപക്ഷ കൂട്ടായ്മ

മനാമ: ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ജനാധിപത്യ സംരക്ഷണത്തിനായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത പ്രമുഖ ഇടതുപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും അറസ്റ്റ് ചെയ്ത നടപടിയിൽ ഇടതുപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തി. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും മതേതര മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും ദുർബലപ്പെടുത്തുന്ന നടപടികൾക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമമായാണ് ഇത്തരം നടപടികളെ കാണേണ്ടത്. അധികാരം ഉപയോഗിച്ച് എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കാമെന്നത് ഒരു ജനാധിപത്യ ഭരണസംവിധാനത്തിന് യോജിച്ച സമീപനമല്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭരണപക്ഷത്തിന്റെ രഹസ്യ അജണ്ടകൾ നടപ്പിലാക്കാൻ നടത്തിയ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, അർഹരായ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യൽ, വോട്ടവകാശത്തിന്റെ സുതാര്യത തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുള്ള ആശങ്കകൾ ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വോട്ടവകാശത്തിന്റെ സംരക്ഷണവും ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണുകളാണ്. ഇത്തരം വിഷയങ്ങളിൽ ഉയരുന്ന ചോദ്യങ്ങൾക്ക് വ്യക്തവും സുതാര്യവുമായ മറുപടി നൽകേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണ്.
ഈ സാഹചര്യത്തിൽ, ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ആരോപണങ്ങൾ നിഷ്പക്ഷമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ജന്തർ മന്തറിലെ പ്രതിഷേധ പരിപാടികളിൽ കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി എൻ.ബാലഗോപാൽ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, സി.പി.ഐ നേതാവ് ഡി. രാജ തുടങ്ങിയ പ്രമുഖ ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണ്. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനും ഭരണകൂടത്തിന്റെ നടപടികളെ വിമർശിക്കാനും പൊതുജനങ്ങളുടെ ആശങ്കകൾ ഉയർത്തിക്കാട്ടാനും പൗരന്മാർക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും അവകാശമുണ്ട്. ഭരണകൂടത്തോട് വിയോജിക്കുന്നവരെ അറസ്റ്റ് ചെയ്തും പ്രതിഷേധങ്ങളെ തടഞ്ഞും ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാൻ കഴിയുമെന്ന് കരുതുന്നത് തെറ്റായ സമീപനമാണ്. ജനാധിപത്യത്തിന്റെ കരുത്ത് എതിർസ്വരങ്ങളെ അടിച്ചമർത്തുന്നതിലല്ല, അവയെ കേൾക്കുകയും വിമർശനങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നതിലാണ്.
ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കതീതമായി പരിശോധിക്കുകയും സുതാര്യത ഉറപ്പാക്കുകയും വേണം. ജനാധിപത്യാവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഇടതുപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധത്തെ കൂടുതൽ ശക്തമാക്കുകയേ ചെയ്യൂ. ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽനിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പിന്തിരിപ്പിക്കാനാവില്ല. ജന്തർ മന്തറിൽ നടന്ന അറസ്റ്റുകളെ ഇടത് കൂട്ടായ്മ ശക്തമായി അപലപിക്കുന്നു. അറസ്റ്റിലായ നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള അവകാശം ഉറപ്പാക്കണമെന്നും കൂട്ടായ്മ ശക്തമായി ആവശ്യപ്പെട്ടു.
Content Highlights: bahrain news