കലയുടെ വിസ്മയവിരുന്നൊരുക്കാൻ കെ.പി.എഫ് ബാൻസുരി സീസൺ 3 വെള്ളിയാഴ്ച

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) സംഘടിപ്പിക്കുന്ന വാർഷിക കലാസാംസ്കാരിക മഹോത്സവമായ 'ബാൻസുരി സീസൺ 3' നവംബർ 27 വെള്ളിയാഴ്ച വൈകുന്നേരം നാലുമണി മുതൽ സെഗായയിലെ ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയിൽ നടക്കും. മുപ്പതോളം കലാപരിപാടികളിലായി നൂറ്റമ്പതോളം കലാപ്രതിഭകൾ വേദിയിലെത്തും. കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകവും സംഗീത-നൃത്ത പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ സൗഹൃദവും ഐക്യവും സമന്വയിപ്പിക്കുന്ന പരിപാടിയിൽ ശാസ്ത്രീയ നൃത്തങ്ങൾ, പരമ്പരാഗത കലാരൂപങ്ങൾ, സിനിമാറ്റിക് നൃത്തങ്ങൾ, സംഗീതപരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ അരങ്ങേറും.
വൈകുന്നേരം 7.30ന് നടക്കുന്ന ഔപചാരിക ചടങ്ങിൽ പ്രമുഖ സാഹിത്യകാരനും നോവലിസ്റ്റുമായ നാസർ മുതുകാട് മുഖ്യാതിഥിയാകും. കലാകാരിയും അഭിനേത്രിയും എഴുത്തുകാരിയുമായ ജയ മേനോൻ, വ്യവസായിയും സാന്റി എക്സ്കവേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടറുമായ രംഗനാഥൻ, രമേഷ് ആർ. എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
സാമൂഹിക സേവനം, ജീവകാരുണ്യം, സംരംഭകത്വം, കലാസാംസ്കാരിക പ്രവർത്തനം എന്നീ മേഖലകളിലെ സംഭാവനകൾ പരിഗണിച്ച് മൂന്ന് പ്രമുഖ വ്യക്തിത്വങ്ങളെ കെ.പി.എഫ് പുരസ്കാരങ്ങൾ നൽകി ആദരിക്കും. സാന്റി എക്സ്കവേഷൻ ആൻഡ് കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ രംഗനാഥൻ രമേഷ് ആർ., കെ.പി.എഫ് കർമ്മകാരുണ്യ പുരസ്കാരത്തിനും മേളകലാരത്നം ഗുരു സന്തോഷ് കൈലാസ്, കെ.പി.എഫ് വാദ്യകലാചാര്യ സമഗ്ര സംഭാവനാ പുരസ്കാരത്തിനും അർഹരായി. ഐമാക് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന് കെ.പി.എഫ് കർമ്മശ്രേഷ്ഠ പുരസ്കാരം സമ്മാനിക്കും.
ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രവാസി കലാകാരന്മാർക്കും പുതുതലമുറയിലെ പ്രതിഭകൾക്കും അവസരമൊരുക്കുന്നതിനൊപ്പം കേരളത്തിന്റെ സാംസ്കാരിക പൈതൃകം പുതിയ തലമുറയിലേക്ക് പകരുകയെന്ന ലക്ഷ്യത്തോടെയാണ് ബാൻസുരി സംഘടിപ്പിക്കുന്നത്. കലയും കാരുണ്യവും മാനവികതയും ഒത്തുചേരുന്ന മഹോത്സവത്തിലേക്ക് ബഹ്റൈനിലെ മുഴുവൻ പ്രവാസി സമൂഹത്തെയും സംഘാടകർ ക്ഷണിച്ചു. കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി രമ സന്തോഷ്, ആക്ടിംഗ് ട്രഷറർ സുജീഷ് മാടായി, ബാൻസുരി ജനറൽ കൺവീനർ ഷാജി പുതുക്കുടി, ജോയിന്റ് കൺവീനർ പ്രജീഷ് എം.ടി., ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടക പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 36312552, 36200777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Content Highlights: Bahrain, News, Pravasi