ഡൽഹിയിൽ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം: ബഹ്റൈൻ പ്രതിഭ

മനാമ: ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ ജനാധിപത്യ സംരക്ഷണത്തിനായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും പ്രമുഖ ഇടതുപക്ഷ നേതാക്കളെയും ജനപ്രതിനിധികളെയും കേന്ദ്ര പോലീസ് അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്റൈൻ പ്രതിഭ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും മതേതര മൂല്യങ്ങളെയും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങളെയും തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. അധികാരം ഉപയോഗിച്ച് എതിർസ്വരങ്ങളെ നിശ്ശബ്ദമാക്കാമെന്നത് ജനാധിപത്യ ഭരണസംവിധാനത്തിന് തികച്ചും വിരുദ്ധമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര ഭരണകൂടത്തിന്റെ രാഷ്ട്രീയ-വർഗീയ അജണ്ടകൾ നടപ്പിലാക്കാൻ വോട്ടർപട്ടികയിൽ വരുത്തിയ ക്രമക്കേടുകൾ, അർഹരായ വോട്ടർമാരെ ഒഴിവാക്കൽ തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിൽ രാജ്യത്തുടനീളം വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വോട്ടവകാശത്തിന്റെ സുതാര്യതയും ഉറപ്പുവരുത്തേണ്ടത് ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത്തരം വഞ്ചനാപരമായ നടപടികൾക്കെതിരെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ നിഷ്പക്ഷമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയ സംഭവം തികച്ചും ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണ്.
ഭരണകൂടത്തോട് വിയോജിക്കുന്നവരെ അറസ്റ്റ് ചെയ്തും പ്രതിഷേധങ്ങളെ വിലക്കിയും ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല. ജനാധിപത്യത്തിന്റെ യഥാർത്ഥ കരുത്ത് എതിർസ്വരങ്ങളെ കേൾക്കുകയും വിമർശനങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നതിലാണ്. ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പിന്തിരിപ്പിക്കാൻ ഇത്തരം അടിച്ചമർത്തലുകൾക്കാവില്ല. ജന്തർ മന്തറിൽ നടന്ന ജനാധിപത്യവിരുദ്ധമായ അറസ്റ്റുകളെ ശക്തമായി അപലപിക്കുന്നതോടൊപ്പം, പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ മൗലികാവകാശം സംരക്ഷിക്കണമെന്നും ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും, പ്രസിഡണ്ട് കെ വി മഹേഷും വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Content Highlights: bahrain news