ജിസിസി ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാനൊരുങ്ങി ബഹ്റൈന്‍, ഒരുക്കങ്ങള്‍ പൂര്‍ണം

മനാമ: ബഹ്റൈനില്‍ ബുധനാഴ്ച നടക്കുന്ന 46-ാമത് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി, ബഹ്റൈനിലെ പ്രധാന തെരുവുകളും പൊതുചത്വരങ്ങളും ജിസിസി നേതാക്കളുടെയും അംഗരാജ്യങ്ങളുടെ പതാകകളുടെയും ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചു.
ബഹ്റൈനിലെ ലാന്‍ഡ്മാര്‍ക്കുകളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലും ജിസിസി രാജ്യങ്ങളുടെ പതാകകള്‍, പ്രധാന റോഡുകളില്‍ സ്വാഗത സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാനറുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
'ഗള്‍ഫ് ഐക്യദാര്‍ഢ്യമാണ് നമ്മുടെ ലക്ഷ്യം, നമ്മുടെ ജനങ്ങളുടെ ഐക്യമാണ് നമ്മുടെ അടിത്തറ', 'ഒരുമിച്ച് ശോഭനമായ ഭാവിയിലേക്ക്' എന്നിവയുള്‍പ്പെടെ, ഐക്യദാര്‍ഢ്യത്തെയും സംയുക്ത ഗള്‍ഫ് പ്രവര്‍ത്തനത്തെയും കുറിച്ചുള്ള ബഹ്റൈന്റെ നിലപാടുകളും ദിശാബോധവും സ്ഥിരീകരിക്കുന്ന രാജാവിന്റെ പ്രസ്താവനകളില്‍ നിന്നുള്ള ഭാഗങ്ങളും പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Bahrain decorates streets & squares for the 46th GCC Summit