ബഹ്റൈനും ഫ്രാൻസും തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കും; സിവിലിയൻ ആണവ കരാറിൽ ഒപ്പുവെച്ചു

മനാമ: പശ്ചിമേഷ്യയിൽ നയതന്ത്ര, സുരക്ഷാ ആശങ്കകൾ വർധിച്ചുനിൽക്കുന്ന പശ്ചാത്തലത്തിൽ, ബഹ്റൈനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനം. ഔദ്യോഗിക സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും തമ്മിൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ധാരണയായത്.
കൂടിക്കാഴ്ചയുടെ ഭാഗമായി സിവിലിയൻ ആണവ പദ്ധതി വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ധാരണാപത്രത്തിലും (MoU) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. മേഖലയിൽ സമാധാനവും സുരക്ഷയും നേരിടുന്ന വെല്ലുവിളികൾ മുൻനിർത്തി അതീവ സൂക്ഷ്മതയോടെയും ജാഗ്രതയോടെയുമാണ് ഈ ചർച്ചകൾ നടന്നതെന്ന് ഹമദ് രാജാവ് വ്യക്തമാക്കി.
സൗദി അറേബ്യയ്ക്ക് നേരെ ഹൂതി ഭീകരർ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച രാജാവ്, സൗദിയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികൾക്കും ബഹ്റൈന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. സമുദ്രപാതകളുടെ സംരക്ഷണം, പ്രാദേശിക സ്ഥിരത, നയതന്ത്ര സഹകരണം എന്നിവയിൽ ഫ്രാൻസ് വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെ ബഹ്റൈൻ പ്രശംസിച്ചു.
ലെബനനിലും സിറിയയിലും സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുമായി ചേർന്ന് ഫ്രാൻസ് നടത്തുന്ന ശ്രമങ്ങൾക്ക് ബഹ്റൈന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് രാജാവ് ഉറപ്പുനൽകി. പ്രതിരോധ, സുരക്ഷ മേഖലകളിൽ ഇരുരാജ്യങ്ങളും കൈവരിച്ച പുരോഗതിയിൽ ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി. സുരക്ഷ, ഊർജ്ജം, സാങ്കേതികവിദ്യ, വ്യാപാരം, ശാസ്ത്ര-സാംസ്കാരിക കൈമാറ്റങ്ങൾ എന്നിവയിൽ കൂടുതൽ മുന്നേറ്റത്തിന് പുതിയ കരാറുകൾ വഴിയൊരുക്കും. ബഹ്റൈനെ മറ്റ് ജി.സി.സി രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ റെയിൽവേ ശൃംഖല ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഫ്രഞ്ച് പങ്കാളിത്തം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനമായി.
രണ്ടുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ നൽകിയ സംഭാവനകൾ മാനിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ബഹ്റൈന്റെ പരമോന്നത ബഹുമതികളിലൊന്നായ 'ഷെയ്ഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ ഓർഡർ' സമ്മാനിച്ചു.
Content Highlights: Bahrain and France agreed to strengthen their strategic partnership during President Emmanuel Macron's visit., Both nations signed a significant Memorandum of Understanding (MoU) for civil nuclear energy cooperation., Discussions covered regional security, maritime safety, and infrastructure projects including GCC railway connectivity., King Hamad awarded the prestigious 'Sheikh Isa bin Salman Al Khalifa Order' to President Macron.