ബഹ്റൈനിൽ നിന്നുള്ള രണ്ട് സിനിമകൾക്ക് സത്യജിത് റേ പുരസ്‌കാരം

സത്യജിത് റേ പതിനൊന്നാമത് അവാര്‍ഡ് ചടങ്ങ്
സത്യജിത് റേ പതിനൊന്നാമത് അവാര്‍ഡ് ചടങ്ങ്

മനാമ: സത്യജിത് റേ പതിനൊന്നാമത് അവാർഡ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. ബഹ്റൈനിൽ നിന്നും മലയാളി സംവിധായിക ലിനി സ്റ്റാൻലി മികച്ച സംവിധായികയ്ക്കുള്ള സത്യജിത് റേ പുരസ്‌കാരത്തിന് അർഹയായി. ലിനി സ്റ്റാൻലി സംവിധാനം ചെയ്ത 'സ്റ്റാർസ് ഇൻ ദ ഡാർക്‌നെസ്സ്', 'അച്ഛൻ മാഷ്' എന്നീ ഹ്രസ്വചിത്രങ്ങളിലെ സംവിധാന മികവിനാണ് അംഗീകാരം. കലാരംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള ലിനി സ്റ്റാൻലി നിരവധി ആൽബങ്ങളിൽ പാടിയിട്ടുണ്ട്. ദേശീയ അവാർഡ് ജേതാവ് എം.ആർ. ഗോപകുമാർ 'അച്ഛൻ മാഷ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. മികച്ച പ്രവാസി സിനിമാ നിർമ്മാതാവിനുള്ള അവാർഡ് ഇടത്തൊടി കെ. ഭാസ്‌കരൻ സ്വന്തമാക്കി. അദ്ദേഹം പ്രൊഡ്യൂസർ ആയിട്ടുള്ള 'കിരാത' എന്ന സിനിമ തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്..

2025 ഏപ്രിലിൽ ബഹ്റൈൻ എപ്പിക്‌സ് തിയേറ്ററിലും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ കീഴിൽ തിരുവനന്തപുരം നിള തിയേറ്ററിലും പ്രദർശിപ്പിച്ച 'സ്റ്റാർസ് ഇൻ ദ ഡാർക്‌നെസ്സ്' എന്ന ചിത്രം ആനിമേഷൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയ ഒന്നായിരുന്നു. ഒക്ടോബറിൽ പ്രദർശനത്തിനെത്തിയ 'അച്ഛൻ മാഷ്' എന്ന ചിത്രത്തിൽ എം.ആർ. ഗോപകുമാറിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. രണ്ട് സിനിമകളുടെയും സിനിമാറ്റോഗ്രഫി ജേക്കബ് ക്രിയേറ്റീവ് ബീസാണ്. പ്രൊഡക്ഷൻ കൺട്രോളേഴ്‌സ് സ്റ്റാൻലി തോമസും വിനോദ് ആറ്റിങ്ങലുമാണ്.

തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പുരസ്‌കാര സമർപ്പണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ, സംവിധായകരായ തുളസീദാസ്, ബാലു കിരിയത്ത്, ജോഷി മാത്യു, സജിൻ ലാൽ, ടി.എസ് സുരേഷ് ബാബു, സുധീര എൻ.എം, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Content Highlights: bahrain films award