മലങ്കരസഭാധ്യക്ഷനെ സ്വീകരിച്ച് ബഹ്റൈൻ കിരീടാവകാശി; രാജ്യത്തിന്റെ സ്നേഹാദരവായി ഗോൾഡൻ വിസ സമ്മാനിച്ചു

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്‌ച്ച നടത്തി. പ്രധാനമന്ത്രിയുടെ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മതസഹിഷ്ണുത, സഹവർത്തിത്വം, ബഹുസ്വരത എന്നീ മൂല്യങ്ങളിലാണ് ബഹ്റൈന്റെ പാരമ്പര്യം ഉറച്ചു നിൽക്കുന്നതെന്ന് കിരീടാവകാശി പറഞ്ഞു. രാജ്യത്തെ ആരാധനാലയങ്ങൾ വിവിധ മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ പരസ്‌പര ബഹുമാനം വളർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈൻ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നിലപാടുകളെ പരിശുദ്ധ കാതോലിക്കാ ബാവാ അഭിനന്ദിച്ചു. മതസൗഹാർദ്ദവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് ബഹ്റൈൻ നൽകുന്ന പിന്തുണയ്ക്ക് ബാവാ നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ സ്നേഹാദരവായി മലങ്കരസഭാധ്യക്ഷന് പ്രധാനമന്ത്രി ഗോൾഡൻ വിസ സമ്മാനിച്ചു.
പ്രധാനമന്ത്രിയുടെ കോർട്ട് മിനിസ്റ്റർ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, ഫാ.തോമസുകുട്ടി പി.എൻ, ഫാ.റിജോ ചാക്കോ, ഫാ.ഗീവർഗീസ് ജോൺസൺ, എബി കുരുവിള, ജോൺ കെ.പി, സോമൻ ബേബി തുടങ്ങിയവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു. ബഹ്‌റൈൻ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നതിനായാണ് പരിശുദ്ധ കാതോലിക്കാ ബാവാ ബഹ്റൈനിലെത്തിയത്.